റാഞ്ചി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് മുന്‍പ് നെറ്റ്സില്‍ ഇന്ത്യന്‍ താരങ്ങളുടെ സിക്‌സര്‍ ചലഞ്ച്. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ സിക്‌സടിയില്‍ പങ്കെടുത്തത്. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും സിക്‌സര്‍ ചലഞ്ചില്‍ പങ്കെടുത്തു. 

റാഞ്ചിയിൽ പരമ്പര വിജയം തേടിയാണ് ഇന്ത്യയിറങ്ങുന്നത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയക്കും ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്വന്തം കാണികൾക്ക് മുന്നിൽ എം എസ് ധോണിയുടെ അവസാന രാജ്യാന്തര മത്സരമായിരിക്കും ഇന്നത്തേത് എന്നാണ് സൂചന. റാഞ്ചിയിൽ ഇതിന് മുൻപ് നടന്ന നാല് കളിയില്‍ രണ്ടിൽ ഇന്ത്യ ജയിച്ചു. അവസാന കളിയിൽ ന്യുസീലൻഡിനോട് തോറ്റപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.