എന്തുകൊണ്ടായിരിക്കാം ബുമ്രയുടെ കാര്യത്തില്‍ ഇത്രത്തോളം കരുതല്‍ ബിസിസിഐ എടുക്കുന്നത്, ജോലിഭാരം നിയന്ത്രിച്ചില്ലെങ്കില്‍ താരത്തിന്റെ കരിയറിന്റെ ദൈര്‍ഘ്യം കുറയുമോ?
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍ എന്ന തലക്കെട്ട് ഒരുപക്ഷെ ജസ്പ്രിത് ബുമ്ര എന്ന പേരിലേക്കായിരിക്കാം എത്തുക. അങ്ങനെയൊരു ബൗളര്‍ എന്തുകൊണ്ട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം കളിച്ചു? പ്രത്യേകിച്ചും നിർണായകമായ ഓവല്‍ ടെസ്റ്റില്‍ ബുമ്രയുടെ സാന്നിധ്യം ഉണ്ടായില്ല. ആരാധകർ മാത്രമല്ല, ഇതിഹാസ താരങ്ങള്‍പ്പോലും ഈ ചോദ്യം ചോദിച്ചതാണ്. ജോലിഭാരം കുറയ്ക്കാനാണെന്ന വിശദീകരണം പലകുറി ടീം മാനേജ്മെന്റ് നല്‍കിയിട്ടും അതിലൊന്നും തൃപ്തരാകാൻ ക്രിക്കറ്റ് ലോകം ഇതുവരെ തയാറായിട്ടില്ല. എല്ലാവരും മുഹമ്മദ് സിറാജിന്റെ ജോലിഭാരവുമായാണ് ഇവിടെ ബുമ്രയെ താരതമ്യപ്പെടുത്തുന്നതും. എന്തുകൊണ്ടായിരിക്കാം ബുമ്രയുടെ കാര്യത്തില്‍ ഇത്രത്തോളം കരുതല്‍ ബിസിസിഐ എടുക്കുന്നത്, ജോലിഭാരം നിയന്ത്രിച്ചില്ലെങ്കില്‍ താരത്തിന്റെ കരിയറിന്റെ ദൈര്‍ഘ്യം കുറയുമോ?
ആക്ഷനിലെ അപകടം
ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ബുമ്രയുടെ ബൗളിങ് രീതി. സാധാരണ കണ്ടുപരിചരിച്ച തരത്തിലുള്ള ആക്ഷനുള്ള താരമല്ല ബുമ്ര. ചെറിയ റണ്ണപ്പോടുകൂടിയെത്തിയാണ് വലം കയ്യൻ പേസര്‍ പന്ത് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് പന്തിന്റെ റിലീസ് സമയത്തെ സമ്മര്‍ദം മുഴുവനും തോളിലും പുറത്തുമാണ്. പരുക്കുകള്‍ പറ്റാൻ ഏറെ സാധ്യതയുള്ള ഒരു ഘടകമാണിത്. പാക്കിസ്ഥാൻ പേസര്‍ ഷോയിബ് അക്തര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നാണ് ഇത്. ഈ ബൗളിങ് രീതി തന്നെയാണ് ബുമ്രയെ ഏറ്റവും അപകടകാരിയാക്കുന്നതും. പക്ഷേ, അത് കരിയറിനെ തന്നെ അപകടത്തിലാക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നാണ് സൂചനകള്‍.
വില്ലനായി മാറിയ ഓസീസ് പര്യടനം
ഇംഗ്ലണ്ട് പര്യടനത്തില്‍ ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുവെന്ന തീരുമാനം മാനേജ്മെന്റ് എടുക്കാനുള്ള കാരണം കഴിഞ്ഞ ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിക്കിടെയുണ്ടായ പരുക്കായിരുന്നു. ഓസ്ട്രേലിയയില്‍ ബുമ്രയായിരുന്നു ഇന്ത്യൻ ബൗളിങ് നിരയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. 151.2 ഓവറുകള്‍ താരം എറിഞ്ഞു. 32 വിക്കറ്റുകളും നേടി, ഓസീസ് പേസര്‍മാര്‍ക്ക് പോലും 25 വിക്കറ്റിനപ്പുറം താണ്ടാനായില്ല. ഇന്ത്യൻ ടീമില്‍ ബുമ്രയേക്കാള്‍ പന്തെറിഞ്ഞത് സിറാജ് മാത്രമായിരുന്നു, 157.1 ഓവറുകള്‍. 77.5 ഓവറുകളെറിഞ്ഞ ആകാശ് ദീപാണ് കൂടുതല്‍ ഓവര്‍ എറിഞ്ഞ മൂന്നാമത്തെ ഇന്ത്യൻ താരം. ആകാശ് എറിഞ്ഞ ഓവറുകളും ബുമ്രയും സിറാജും എറിഞ്ഞ ഓവറുകളുടെ എണ്ണവും തമ്മിലെ അന്തരം വ്യക്തമാക്കുന്നു ജോലിഭാരത്തിന്റെ അളവ്.
ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിലെ നാലാം ദിനം നിരന്തരം പന്തെറിഞ്ഞ ബുമ്രയോട് ഒരു സ്പെല്ലുകൂടെ എറിയാൻ നായകൻ രോഹിത് ശര്‍മ ആവശ്യപ്പെടുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാല്‍, തനിക്കതിനാവില്ലെന്നായിരുന്നു ബുമ്രയുടെ മറുപടി. നാലാം ടെസ്റ്റ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ബുമ്രയുടെ ശരീരം മോശാവസ്ഥയിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ചും പുറത്തിനേറ്റ പരുക്ക്. സിഡ്നി ടെസ്റ്റില്‍ നിന്ന് പാതിവഴിയില്‍ കളം വിടേണ്ടി വന്ന ബുമ്രക്ക് പിന്നീട് ചാമ്പ്യൻസ് ട്രോഫി നഷ്ടമായിരുന്നു, ഐപിഎല്ലിന്റെ തുടക്കവും.
പരുക്കുകള്‍ നിരന്തരം
ബുമ്രയുടെ പരുക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ താരത്തിന്റെ കരിയറില്‍ ഒരു വലിയ ഭാഗം നഷ്ടമായതായി കാണാനാകും. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2019 സെപ്തംബറിലാണ് ബുമ്രയ്ക്ക് ആദ്യമായി പുറത്തിന് പരുക്കേല്‍ക്കുന്നത്. അന്ന് മൂന്ന് മാസത്തോളമായിരുന്നു വിശ്രമം, ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളും നഷ്ടമായി. പിന്നീട്, പുറത്തിന് ഗുരുതര പരുക്ക് സംഭവിക്കുന്നത് ഏകദിന ലോകകപ്പ് വര്‍ഷമായ 2023ലാണ്. 2023 ജനുവരിയില്‍ പരുക്കേറ്റ ബുമ്ര മാര്‍ച്ചിലാണ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ആ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ താരത്തിന് ഇതുമൂലം നഷ്ടമായി. ഓഗസ്റ്റിലാണ് പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സംഭവിക്കുന്നത്.
പിന്നീടാണ്, ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ സംഭവങ്ങള്‍. രണ്ട് വര്‍ഷത്തിനിടെ രണ്ട് ഗുരുതര പരുക്കുകളും ശസ്ത്രക്രിയകളും. ബിസിസിഐ മെഡിക്കല്‍ ടീമിന്റേയും മറ്റ് വിദഗ്ധരുടേയും അഭിപ്രായം ഇനിയും ബുമ്രയ്ക്ക് പരുക്ക് വരാനുള്ള സാധ്യതകളുണ്ടെന്നും ജോലിഭാരം കുറയ്ക്കേണ്ടതുണ്ടെന്നുമാണ്. എങ്കിലും മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാൻ താരം തയാറാകുകയായിരുന്നു.
ബുമ്രയുടെ ഭാവി
ക്രിക്കറ്റില്‍ ഏറ്റവും ജോലിഭാരമുള്ള ഫോര്‍മാറ്റായാണ് ടെസ്റ്റിനെ കണക്കാക്കുന്നത്. അതുകൊണ്ട് ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ ഒരുപക്ഷേ ബുമ്രയുടെ ടെസ്റ്റ് കരിയറിന് തന്നെ വില്ലനായേക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ബോര്‍ഡര്‍ - ഗവാസ്ക്കര്‍ ട്രോഫിയിലും ഇംഗ്ലണ്ട് പര്യടനത്തിലുമായി 270 ഓവറിലധികമാണ് ബുമ്ര എറിഞ്ഞിട്ടുള്ളത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ മൂന്നെണ്ണം മാത്രം കളിക്കുന്ന ബുമ്ര എന്ന ശൈലി ഇനിയും തുടര്‍ന്നേക്കും. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരകളിലും ഇനി വിശ്രമം എടുക്കാനുള്ള സാധ്യതകളുണ്ട്, പ്രത്യേകിച്ചും വിദേശ പര്യടനങ്ങളില്‍. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ പേസര്‍മാരുടെ ജോലിഭാരം കുറവാണ്. സ്പിന്നര്‍മാര്‍ക്കാണ് കളിയില്‍ പ്രാധാന്യമുള്ളതും. അതുകൊണ്ട്, ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുമ്ര പൂര്‍ണമായും കളിച്ചേക്കും.
കരുതല്‍ ഭാവി മുൻനിര്‍ത്തി
പ്രീമിയം പേസ് ബൗളര്‍, ഏത് തരത്തിലുള്ള വിക്കറ്റുകളിലും മികവ് പുലര്‍ത്താനുള്ള കഴിവ്, മത്സരത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വിക്കറ്റെടുക്കാൻ സാധിക്കുന്ന ബൗളര്‍. ഇത്തരമൊരു താരത്തെ കരുതലോടെ ബിസിസിഐ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രധാനലക്ഷ്യം മുന്നിലുള്ള ടൂര്‍ണമെന്റുകള്‍ തന്നെയാണ്. പ്രധാനമായും ഐസിസി ഇവന്റുകളും. ഇന്ത്യയെ സംബന്ധിച്ച് ഇനി ഏറ്റവും അടുത്ത് വരുന്ന ടൂര്‍ണമെന്റ് സെപ്തംബറില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പാണ്. ട്വന്റി 20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ബുമ്രയുടെ സാന്നിധ്യമുണ്ടാകുമോയെന്നത് സംശയമാണ്. താരത്തിന് വിശ്രമം അനുവദിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
ശേഷം വരാനിരിക്കുന്നത്, 2026 ട്വന്റി 20 ലോകകപ്പാണ്. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ഇവന്റ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് 2026ല്‍. 2024ല്‍ ഇന്ത്യ കിരീടം ഉയര്‍ത്തുമ്പോള്‍, നിര്‍ണായകമായത് ജസ്പ്രിത് ബുമ്രയുടെ പന്തുകളായിരുന്നു. 15 വിക്കറ്റുകളാണ് ബുമ്ര നേടിയത്, അതും 4.17 എക്കണോമിയില്‍. ഇതിന്റെ ആവര്‍ത്തനം തന്നെയായിരിക്കും ബിസിസിഐ 2026ല്‍ പ്രതീക്ഷിക്കുന്നതും. അതുകൊണ്ട്, ബുമ്രയുടെ കായികക്ഷമത മത്സരത്തിന് അനുയോജ്യമായി നിലകൊള്ളേണ്ടതുണ്ട്.
ട്വന്റി 20 ലോകകപ്പിന് ശേഷം 2027ല്‍ ഏകദിന ലോകകപ്പും വരാനിരിക്കുന്നു. 2023ല്‍ ഫൈനലില്‍ നഷ്ടമായ കിരീടം തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. മറ്റ് വൈറ്റ് ബോള്‍ ഐസിസി കിരീടങ്ങളെല്ലാം ഒരിക്കല്‍ക്കൂടി ട്രോഫി ക്യാബിനറ്റിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇനി അവശേഷിക്കുന്നത് ഏകദിന ലോകകപ്പ് മാത്രമാണ്. ഇവിടെയും ബൗളിങ് നിരയെ നയിക്കേണ്ട ഉത്തരവാദിത്തം ബുമ്രക്കായിരിക്കും. അതിനാല്‍, ബുമ്രയുടെ ജോലിഭാരം എന്തുവിലകൊടുത്തും നിയന്ത്രിക്കാൻ ബിസിസിഐ തയാറാകും. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ നിര്‍ണായക മത്സരങ്ങളില്‍ മാത്രമായിരിക്കും ബുമ്ര ടെസ്റ്റ് കുപ്പായം അണിയുക.


