നേടിയ വിക്കറ്റുകളുടെ എണ്ണത്തിലോ റണ്‍സിന്റെ വലിപ്പത്തിലോ അല്ല ഹാര്‍ദിക്കിനെ വിലയിരുത്തേണ്ടത്. ഹാര്‍ദിക്ക് സാന്നിധ്യത്തിലും അഭാവത്തിലും ഇന്ത്യയുടെ പ്രകടനത്തിലുണ്ടായ കയറ്റിറക്കങ്ങള്‍ക്കൊണ്ടാണ്
ന്യൂബോളെറിയാൻ കഴിയുന്ന കൂട്ടുകെട്ടുകള്‍ പൊളിക്കാൻ മികവുള്ള ഒരു ബോളര്‍, തകര്‍ച്ചയില്‍ നിന്ന് കരകയറ്റാൻ കഴിയുന്ന ഒരു ഫിനിഷര്‍, കളിയുടെ ഏത് സാഹചര്യത്തിലും സമ്മര്‍ദത്തിന് വഴങ്ങില്ല താനെന്ന് നിര്‍ബന്ധമുള്ളൊരു താരം...പറയുന്നത് മറ്റാരെപ്പറ്റിയുമല്ല, വീഴ്ചകളും തിരിച്ചടികളും കളിയാക്കലുകളുമെല്ലാം കയ്യടികളാക്കി മാറ്റിയ ഹാര്‍ദിക്ക് പാണ്ഡ്യയെ കുറിച്ചാണ്. ദ ഇന്നെവിറ്റബിള്‍ പ്ലെയര്‍. ഹാര്‍ദിക്കിന്റെ സാന്നിധ്യം എന്തുകൊണ്ടായിരിക്കാം ഇന്ത്യയുടെ വിജയക്കുതിപ്പിന് വളമാകുന്നത്.
പോയവര്‍ഷങ്ങളിലെ ഇന്ത്യൻ ടീമിന്റെ പ്രകടനങ്ങള്‍ പരിശോധിക്കുക, നേടിയ വിക്കറ്റുകളുടെ എണ്ണത്തിലോ റണ്‍സിന്റെ വലിപ്പത്തിലോ അല്ല ഹാര്‍ദിക്കിനെ വിലയിരുത്തേണ്ടത്. ഹാര്‍ദിക്ക് സാന്നിധ്യത്തിലും അഭാവത്തിലും ഇന്ത്യയുടെ പ്രകടനത്തിലുണ്ടായ കയറ്റിറക്കങ്ങള്‍ക്കൊണ്ടാണ്. 2023ല്‍ വിശ്വകിരീടം അകന്നതും 2024ല്‍ ട്വന്റി 20 ലോകകപ്പ് രോഹിതിന്റെ കൈകളിലെത്തിയതിനുമെല്ലാം ഇതിനോട് ചേര്‍ത്ത് വെക്കാം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഡെപ്തുകൊണ്ടുവരാൻ സാധിക്കുന്ന ഇലവനായിരുന്നു ആ രണ്ട് കിരീടങ്ങളേയും വേര്‍തിരിച്ചത്.
2023 ഏകദിന ലോകകപ്പിന്റെ പാതിവഴിയില്‍ പരുക്കേറ്റ് ഹാര്‍ദിക്കിന് പുറത്താകേണ്ടി വന്നതോടെ ഇന്ത്യയ്ക്ക് നഷ്ടമായതും ടീമിന്റെ സന്തുലിതയായിരുന്നു. ബാറ്റിങ് ഡെപ്തിന്റെ അഭാവമായിരിക്കാം അന്ന് ഫൈനലില്‍ വിരാട് കോഹ്ലിയേയും കെ എല്‍ രാഹുലിനേയും പ്രതിരോധത്തിലാഴ്ത്തിയത്. എന്നാല്‍, 2024 ട്വന്റി 20 ലോകകപ്പിലും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും ഹാര്‍ദിക്ക് 100 ശതമാനം കായികക്ഷമതയോടെ എത്തിയതോടെ ഏറ്റവും മികച്ച ഇലവൻ യാഥാര്‍ത്ഥ്യമാക്കിയെടുക്കാൻ ഗംഭീറിനും രോഹിതിനും സാധിച്ചു.
മധ്യനിരയ്ക്ക് ശേഷം ഹാര്‍ദിക്ക് എത്തുന്നതോടെ എട്ടാം നമ്പറിലെത്തുന്ന രവീന്ദ്ര ജഡേജ വരെ നീളും ഇന്ത്യയുടെ ബാറ്റിങ് നിര. ദുബായിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യം ഒരു പ്രോപ്പര്‍ പേസറെ ഒഴിവാക്കി നാല് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കാമെന്ന ലക്ഷ്വറി ഇന്ത്യക്ക് നല്‍കുന്നു. ജഡേജയും അക്സര്‍ പട്ടേലും ബാറ്റുകൊണ്ടും മികവ് പുലര്‍ത്തുന്നതോടെ കൂടുതല്‍ സുരക്ഷിതമാകുന്നു കാര്യങ്ങള്‍.
ട്വന്റി 20 ലോകകപ്പില്‍ ബുംറയെ മാറ്റി നിര്‍ത്തിപ്പോലും ന്യൂബോളില്‍ രോഹിത് ഹാര്‍ദിക്കില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. അത് ഫലം കാണുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ആ തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു പ്രത്യക്ഷമായത്. മുഹമ്മദ് ഷമിയെന്ന വെട്ടേരൻ പേസര്‍ക്കൊപ്പം ന്യൂബോള്‍ പങ്കുവെച്ചത് ഹാര്‍ദിക്കായിരുന്നു. പാകിസ്ഥാനെതിരെ ബാബര്‍ അസമിന്റേയും ന്യൂസിലൻഡിനെതിരെ രച്ചിൻ രവീന്ദ്രയുടേയും വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് മുന്നില്‍ സാധ്യതകള്‍ തുറന്നതും ഹാര്‍ദിക്കിന്റെ പന്തുകളായിരുന്നുവെന്നത് വിസ്മരിക്കാനാകില്ല.
സമ്മര്‍ദത്തെ തെല്ലും കൂസലില്ലാതെ നേരിടുന്ന ഹാര്‍ദിക്ക് സന്ദര്‍ഭങ്ങള്‍ നമുക്ക് മുന്നിലുണ്ട്. 2017 ചാമ്പ്യൻസ്ട്രേഫി ഫൈനലിലെ 76 റണ്‍സ്, 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിലെ 62 റണ്‍സ്, 2022 ട്വന്റി ലോകകപ്പ് സെമിയിലെ 63 റണ്‍സ്...ഇവയെല്ലാം ഇന്ത്യയെ തോല്‍വിഭാരത്തില്‍ നിന്നും നാണക്കേടില്‍ നിന്നും കരകയറ്റിയവയാണെങ്കില്‍ 2024 ട്വന്റി 20 ലോകകപ്പില്‍ മറിച്ചായിരുന്നു കാര്യങ്ങള്‍. കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്ക കുതിച്ചപ്പോള്‍ ഇന്ത്യൻ ആരാധകരുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തിച്ചത് ഹാര്‍ദിക്കിന്റെ പന്തുകളായിരുന്നു. ക്ലാസന്റേയും മില്ലറിന്റേയും വിക്കറ്റുകളിലൂടെ. ലോകകപ്പോളം മൂല്യമുള്ള സൂര്യകുമാറിന്റെ ക്യാച്ചിനെ ഇവിടെ വിസ്മരിക്കുന്നില്ല.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘടത്തില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് ഹാര്‍ദിക്കിന്റെ ഇന്നിങ്സായിരുന്നു. ഓസ്ട്രേലിയക്കെതിരെ വിജയമുറപ്പിച്ച ആ മൂന്ന് സിക്സറുകള്‍ക്ക് ഇന്ത്യൻ ആരാധകര്‍ അടുത്തെങ്ങും മറക്കാനിടയില്ല.
ആറ്റിറ്റ്യൂഡുകൊണ്ട് കാണികളെക്കൊണ്ട് നീ ആരെടാ എന്ന് ചോദിപ്പിക്കുകയും കളിമികവുകൊണ്ട് കയ്യിലെടുക്കുകയും ചെയ്യുന്നതാണ് ഹാര്‍ദിക്കിന്റെ വൈഭവം. ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തില്‍ ഷോര്‍ട്ട് ബോളില്‍ അനായാസം അപ്പര്‍ കട്ട് നേടി കൂളായി നില്‍ക്കുന്ന ഹാര്‍ദിക്ക്, അതൊരു ഒന്നൊന്നര മൊമന്റായിരുന്നു.സമ്മര്‍ദത്തെ ലാഘവത്തോടെ നേരിടുന്ന ഹാര്‍ദിക്കിന്റെ ഒരു ദിനം കൂടി ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. അത് മാര്‍ച്ച് ഒൻപതിന് ന്യൂസിലെൻഡിനെതിരെയാണ്.
