ദിവസങ്ങള്‍ക്ക് മുൻപ് ഇതേ മൈതാനത്ത് ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചായിരിക്കും ന്യൂസിലൻഡ് ഇറങ്ങുക

3.1 ഓവറില്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ്. ഈ സ്കോര്‍കാര്‍ഡ് കണ്ട് ഭയക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുണ്ടോ? ഇല്ലെന്ന് തന്നെ പറയാം! ആറ് വ‍ര്‍ഷത്തിനിപ്പുറവും ആ ലോകകപ്പ് ഓര്‍മകള്‍ വേട്ടയാടുന്നുണ്ടാകും രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയേയും കെഎല്‍ രാഹുലിനേയും. 

ലോകക്രിക്കറ്റിനെന്നും ഇങ്ങനെ ചില സ‍ര്‍പ്രൈസുകള്‍ നല്‍കുന്ന ഒരു ടീം മാത്രമാണുള്ളത്, ന്യൂസിലൻഡ്. ഐസിസി ടൂര്‍ണമെന്റുകളുടെ ചരിത്രത്താളുകള്‍ മറിച്ചുനോക്കിയാല്‍ മേല്‍പ്പറഞ്ഞ വാചകം സാധൂകരിക്കപ്പെടും. പേപ്പറിലെ പേരുകളുടെ വലിപ്പംകൊണ്ടല്ല, മൈതാനത്തെ മികവുകൊണ്ടാണ് കിവീസ് ലോകക്രിറ്റില്‍ സ്വന്തമായൊരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തത്.

മാര്‍ച്ച് ഒൻപതിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാണയത്തുട്ട് വാനിലേക്ക് ഉയരുന്ന നിമിഷം മറ്റൊരു ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടത്തിന് കൂടി ആരംഭമാകും. കാല്‍നൂറ്റാണ്ടുമുൻപ് സൗരവ് ഗാംഗുലി മുതല്‍ വിനോദ് കാംബ്ലി വരെ നീണ്ട ഇന്ത്യൻ ബാറ്റിങ് നിരയെ ഇതേ ചാമ്പ്യൻസ്ട്രോഫിയില്‍ എറിഞ്ഞൊതുക്കി കിരീടം തൊട്ട സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ കിവിപ്പടയെ ഓര്‍ക്കുന്നുണ്ടോ. അന്ന് ടൂര്‍ണമെന്റിന്റെ പേര് നോക്കൗട്ട് ട്രോഫി എന്നായിരുന്നു. നൈറോബിയിലെ അന്നത്തെ മുറിവിന്റെ ആഴം 2021 ട്വന്റി 20 ലോകകപ്പുവരെ പല തവണയായി വര്‍ധിപ്പിക്കാൻ 21-ാം നൂറ്റാണ്ടില്‍ ന്യൂസിലൻഡിനായിട്ടുണ്ട്. 

2003 ഏകദിന ലോകകപ്പിലെ സൂപ്പ‍ര്‍ സിക്സ് മാത്രമായിരുന്നു മത്സരം ഫലം ഇന്ത്യക്ക് അനുകൂലമാക്കിയത്. എന്നാല്‍, രോഹിത് എന്ന നായകന് കീഴില്‍ ഐസിസി ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ന്യൂസിലൻഡിന് ഇന്ത്യയെ കീഴടക്കാനായിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും സെമി ഫൈനലിലും ജയം രുചിച്ചു, ഇത്തവണ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യ മേല്‍ക്കൈ സ്ഥാപിച്ചതും ആധികാരികമായി തന്നെയായിരുന്നു. പക്ഷേ, ദുബായില്‍ രണ്ടാം ഐസിസി കിരീടം ലക്ഷ്യമാക്കി രോഹിത് തന്ത്രം മെനയുമ്പോള്‍ അല്‍പ്പം കരുതലിന്റെ ആവശ്യമുണ്ട്.

ദിവസങ്ങള്‍ക്ക് മുൻപ് ഇതേ മൈതാനത്ത് ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചായിരിക്കും ന്യൂസിലൻഡ് ഇറങ്ങുക. ഇടം കയ്യൻ സ്പിന്ന‍റുകൂടിയായ നായകൻ മിച്ചല്‍ സാന്റ്നര്‍ വിക്കറ്റിനെ അളന്നിട്ടുണ്ടാകാണം. മാറ്റ് ഹെൻറി മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ പരീക്ഷിച്ച ടൂര്‍ണമെന്റിലെ ഏക പേസര്‍. ദുബായിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ ന്യൂബോളില്‍ മൂവ്മെന്റ് സൃഷ്ടിക്കാനാകുന്നുവെന്നതാണ് ഹെൻറിയുടെ മികവ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ 21 വിക്കറ്റുകള്‍ സ്വന്തമാക്കാൻ താരത്തിനായിട്ടുണ്ട്. രോഹിത് - കോഹ്ലി - ഗില്‍ ത്രയത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാൻ കെല്‍പ്പുള്ളവൻകൂടിയാണ് മാറ്റ് ഹെൻറി. ഒപ്പം കെയില്‍ ജാമിസണുമുണ്ട്. 

ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജ വരെ നീളുന്ന ബാറ്റിങ് ഡെപ്തുണ്ടെങ്കില്‍ ന്യൂസിലൻഡിന്റെ കാര്യം വ്യത്യസ്തമല്ല. എട്ടാം നമ്പറിലെത്തുന്ന നായകൻ സാന്റനര്‍ വരെ കാര്യങ്ങള്‍ ഭദ്രമാണ്. സ്പിന്നര്‍മാരാണ് ഇന്ത്യയുടെ കരുത്തെങ്കില്‍ രച്ചിൻ രവീന്ദ്ര, കെയിൻ വില്യംസണ്‍, ടോം ലാഥം തുടങ്ങി സ്പിന്നിനെ കരുതലോടെ നേരിടാൻ അറിയുന്ന ബാറ്റ‍ര്‍മാര്‍. ഒരുപക്ഷേ സമ്മര്‍ദത്തിന് മാത്രമായിരിക്കാം മൂവരേയും കീഴ്പെടുത്താൻ സാധിക്കുകയെന്ന് കഴിഞ്ഞ ഏറ്റുമുട്ടല്‍ തെളിയിച്ചതാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ മായാജാലത്തിന് മുന്നില്‍ അല്‍പ്പം ക്ഷമകാണിക്കാൻ തയാറായല്‍ കിവീസിന് കടന്നുകൂടാം. 

ടൂര്‍ണമെന്റില്‍ ഇതുവരെ കൂടുതല്‍ ബാറ്റിങ് അനുകൂല വിക്കറ്റുകളില്‍ കളിച്ചിട്ടും 17 വിക്കറ്റുകള്‍ പിഴുതെടുക്കാൻ കിവീസ് സ്പിന്നര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. സാന്റന‍ര്‍ ഏഴും ബ്രേസ്വല്‍ ആറും രച്ചിനും ഗ്ലെൻ ഫിലിപ്സും രണ്ട് വീതവും നേടി. ഇന്ത്യൻ സ്പിന്നര്‍മാര്‍ 21 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. സ്പിന്നര്‍മാര്‍ കളി നിര്‍ണയിക്കുന്ന സ്വപ്ന നഗരത്തിലെ വിക്കറ്റില്‍ പന്തിലെ നിയന്ത്രണവും വേരിയേഷനുകളും വെറൈറ്റികളും ഇരുകൂട്ടര്‍ക്കും എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നത് നിര്‍ണായകമായേക്കും.

വലിയ മത്സരങ്ങളില്‍ ചെറിയ പിഴവുകള്‍ ഗതി നിര്‍ണയിക്കുന്നത് പലപ്പോഴും കായിക ലോകം സാക്ഷിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ കിവികള്‍ അല്‍പ്പം പിശുക്കരാണ്. അവരുടെ ചോരാത്ത കൈകള്‍ക്ക് കുറഞ്ഞത് 20 റണ്‍സെങ്കിലും സേവ് ചെയ്യാൻ സാധിച്ചേക്കും. ഹാഫ് ചാൻസുകള്‍ പോലും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഗ്ലെൻ ഫിലിപ്സിനെ പോലുള്ളവര്‍ ന്യൂസിലൻഡിന് മുതല്‍ക്കൂട്ടാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള ടീമാണ് ന്യൂസിലൻഡ്. ക്യാച്ചിങ് എഫിഷെൻസി 90 ശതമാനത്തിനും മുകളില്‍. മറുവശത്ത് ഇന്ത്യ ഫീല്‍ഡിങ്ങില്‍ ഇത്തവണ അത്ര കണിശക്കാരല്ലെന്ന് നായകൻ ഉള്‍പ്പെടെ കൈവിട്ട അനായാസ ക്യാച്ചുകള്‍ തെളിയിക്കുന്നു. 
അതുകൊണ്ട് തന്നെ കിരീടം ഉയര്‍ത്തണമെങ്കില്‍ ഇരുടീമിന്റേയും മൂന്ന് വിഭാഗങ്ങളും അതിന്റെ പൂ‍ര്‍ണതയില്‍ എത്തേണ്ടതുണ്ട്.