ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ എവിടെയും ഇന്ന് ഷായുടെ പേര് തെളിഞ്ഞ് നില്‍പ്പില്ല

മുംബൈയിലെ ആസാദ് മൈദാൻ. ക്രിക്കറ്റ് ദൈവം 22 വാരയോട് നന്ദിപറഞ്ഞ് മടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമെ അന്ന് പിന്നിട്ടിട്ടുള്ളു. മുംബൈ സ്കൂള്‍സ് സ്പോര്‍ട്‌സ് അസോസിയേഷന് കീഴിലുള്ള ഹാരിസ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയാണ്. രണ്ട് ദിവസവും 367 മിനുറ്റുകളും റിസ്വി സ്പ്രിങ്ഫീല്‍ഡിനായി ക്രീസില്‍ നിലയുറപ്പിച്ചു ഒരു കൊച്ചുപയ്യൻ, 14 വയസ് മാത്രമാണ് പ്രായം. 546 റണ്‍സ്, 85 ഫോറും അഞ്ച് സിക്സും. മൈന‍ര്‍ ക്രിക്കറ്റില്‍ അന്നത്തെ ഏറ്റവും വലിയ സ്കോറായിരുന്നു അത്.

പ്രാദേശിക മാധ്യമങ്ങള്‍ മാത്രം കവര്‍ ചെയ്തിരുന്ന ആ ടൂര്‍ണമെന്റിലേക്ക് ദേശീയ ശ്രദ്ധ എത്തുകയാണ്. തലവാചകങ്ങളില്‍ ആ പേര് തെളിയുകയാണ്. പൃഥ്വി പങ്കജ് ഷാ. അന്ന് സഹതാരം സത്യലക്ഷ് ജയിനുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഷാ ചേര്‍ത്തത് 619 റണ്‍സായിരുന്നു. ആ താരതമ്യത്തിലേക്ക് എത്താൻ കായികലോകത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. സച്ചിൻ തെൻഡുല്‍ക്കറും വിനോദ് കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതും ഇതേ ടൂര്‍ണമെന്റിലായിരുന്നു, 1988ല്‍.

സച്ചിന്റെ പടിയിറക്കവും ഷായുടെ ഇന്നിങ്സും ഒരുനൂലിലായിരുന്നു കളിയെഴുത്തുകാര്‍ ചേര്‍ത്തത്. അന്ന് നല്‍കിയ അഭിമുഖത്തില്‍ ഷാ ആ താരതമ്യത്തോട് പ്രതികരിച്ചു. ആ നിഷ്കളങ്ക മുഖത്തുനിന്ന് വളരെ പക്വതയുള്ള മറുപടിയായിരുന്നു വന്നതും. അതെല്ലാം ഒരുപാട് അകലത്തിലുള്ള ഒന്നാണ്, നിലവില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നതില്‍ സന്തുഷ്ടനാണ്. സച്ചിനാണ് എന്റെ ആരാധനാപാത്രം. അദ്ദേഹം എളിമയോടെ കരിയറിനെ മുന്നോട്ടുകൊണ്ടുപോയത് പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഷാ പറഞ്ഞുവെച്ചു.

ഒരു വ്യാഴവട്ടക്കാലത്തോട് അടുക്കുകയാണ്. മറ്റൊരു അഭിമുഖത്തിന്റെ മറുവശത്ത് പൃഥ്വി ഷാ. ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ എവിടെയും ഇന്ന് ആ പേര് തെളിഞ്ഞ് നില്‍പ്പില്ല. ഗോഡ് ഗിഫ്റ്റഡ് പ്ലെയറെന്ന വിശേഷണം നേടിയവന് പറയാൻ മൈതാനങ്ങളില്‍ തീര്‍ത്ത റെക്കോര്‍ഡുകളുടെ കഥകളുണ്ടായിരുന്നില്ല. നേടിയ സെഞ്ച്വറികളുടെ പകിട്ടുണ്ടായിരുന്നില്ല. മറിച്ച് നഷ്ടങ്ങളുടെ കണക്കുകള്‍, കാരണങ്ങള്‍ മാത്രമായിരുന്നു ഏറ്റുപറയാനുണ്ടായിരുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷാ പത്രത്താളുകളുടെ തലക്കെട്ടുകളില്‍ ഇടം പിടിച്ചത് അച്ചടക്കമില്ലായ്‌മയുടേയും നടുറോഡിലെ സംഘട്ടനങ്ങളുടേയും ശാരീരികക്ഷമതയുടെ അഭാവത്തിന്റെയുമൊക്കെ പേരിലായിരുന്നു. ഐപിഎല്ലില്‍ ഇടമില്ലാതായില്‍. മുംബൈയുടെ രഞ്ജി ടീമില്‍ നിന്ന് തഴയപ്പെട്ടു. കൗണ്ടി ക്രിക്കറ്റിലെ ശോഭയും തുണച്ചില്ല.

ജീവിതത്തില്‍ ഞാൻ ഒരുപാട് തെറ്റായ തീരുമാനങ്ങളിലൂടെ കടന്നുപോയി. അനാവശ്യമായിരുന്ന പലതിനേയും അനിവാര്യമായി കണക്കാക്കി. അനുയോജ്യമല്ലാത്ത കൂട്ടുകെട്ടുകളില്‍ ചെന്നുവീണു, അവര്‍ പലതിലേക്കും എന്നെ നയിച്ചു. ബാറ്റിങ് ഒരിക്കിലും മടുക്കാത്ത എനിക്ക് ക്രീസില്‍ നിന്ന് അകലം പാലിക്കേണ്ടതായി വന്നു, ഷാ തുറന്നു സമ്മതിക്കുന്നു.

പ്രതിദിനം എട്ട് മണിക്കൂറായിരുന്നു പരിശീലനത്തിനായി വലം കയ്യൻ ബാറ്റര്‍ ചിലവഴിച്ചിരുന്നത്. ഒരിക്കലും ബാറ്റിങ് മടുക്കാത്ത പ്രകൃതം. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ 19 വയസായിരുന്നു ഷായ്ക്ക്, വിൻഡീസിനെതിരെ സെഞ്ച്വറിയോടെ തുടക്കം. അന്നത്തെ മുഖ്യപരിശീലകൻ രവി ശാസ്ത്രി ഷായെ വിശേഷിപ്പിച്ചത് സച്ചിൻ, ലാറ, സേവാഗ് ത്രയം ഒന്നിക്കുന്ന താരമെന്നാണ്. അവിടെ നിന്നുള്ള വീഴ്ചയുടെ കാരണങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പലരും മേല്‍പ്രതലത്തില്‍ നിന്ന് മാത്രം പറഞ്ഞപ്പോള്‍ പ്രവീണ്‍ അംരെ അങ്ങനെയായിരുന്നില്ല.

മുൻ ഇന്ത്യൻ താരവും ഷാ ഭാഗമായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകസംഘത്തിലുമുണ്ടായിരുന്നു പ്രവീണ്‍ അംരെ. ചെറിയ പ്രായത്തില്‍ ലഭിച്ച വലിയ തുകയേയും പ്രശസ്തിയേയും ഐപിഎല്ലിന്റെ പാര്‍ശ്വഫലങ്ങളേയും കൈകാര്യം ചെയ്യുന്നതില്‍ ഷായ്ക്ക് വീഴ്ചയുണ്ടായി. ഇന്ത്യൻ ക്രിക്കറ്റിനൊരു പാഠമാണ് ഷായുടെ കരിയര്‍, ഇത് മറ്റൊരു താരത്തിനും ആവര്‍ത്തിക്കാൻ പാടില്ല. കഴിവുകൊണ്ട് മാത്രം മുന്നേറാനാകില്ലെന്നും അംരെ ഓര്‍പ്പിച്ചു.

പക്ഷേ, തന്റെ തെറ്റുകളെ അംഗീകരിക്കുകയാണ് ഷായിപ്പോള്‍. തിരിച്ചുവരവിനുള്ള പാതയിലേക്കുള്ള യാത്രയിലാണ്. അതിന് വഴികാട്ടിയായി സച്ചിൻ തന്നെ മാറിയിരിക്കുന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങാനാണ് ഇതിഹാസത്തിന്റെ ഉപദേശം. അത് പിന്തുടരാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ പൃഥ്വി ഷാ. നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പൃഥ്വി ഷായെ തിരിച്ചുകൊണ്ടുവരാൻ പൃഥ്വി ഷായ്ക്ക് മാത്രമെ കഴിയുകയുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.

നിലവില്‍ 25 വയസാണ് പൃഥ്വി ഷായ്ക്കുള്ളത്. കരിയറിന് മുന്നില്‍ കുറഞ്ഞത് ഇനിയും ഒരു പതിറ്റാണ്ട് ബാക്കിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കൊരു മടങ്ങിവരവ് സാധ്യമാണോയെന്നത് സംശയമുള്ള ഒന്നാണ്. ടാലന്റുകളുടെ നീണ്ടനിരയാണ് ബിസിസിഐയുടെ പടിവാതില്‍ക്കലുള്ളത്. അതുകൊണ്ട് തിരിച്ചുവരവിന് അത്രയും പ്രഹരമുണ്ടായിരിക്കണം. തിരിച്ചുവരവുകളേക്കാള്‍ മധുരമുള്ള ഒന്ന് കായികലോകത്തില്ല.