ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുടര്‍ന്നുണ്ടായ ഇടവേളയും പുതുക്കിയ മത്സരക്രമവുമെല്ലാം അന്താരാഷ്ട്ര കലണ്ടറുമായി ക്ലാഷായതാണ് ഐപിഎല്‍ ടീമുകളെ പ്രതിസന്ധിയിലാക്കിയത്
പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം, അവശേഷിക്കുന്നത് രണ്ട് നിര്‍ണായക മത്സരങ്ങള്‍. എതിരാളികള്‍ മൂന്നാമതുള്ള പഞ്ചാബ് കിംഗ്‍സും തൊട്ടുപിന്നിലായുള്ള ഡല്‍ഹി ക്യാപിറ്റല്‍സും. പ്ലേ ഓഫ് ഉറപ്പിക്കാൻ ജീവന്മരണ പോരാട്ടങ്ങള്‍ക്ക് മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോള്‍ ടീമിനെ ഒന്നാകെ ഉടച്ചുവാര്‍ക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. പ്ലേ ഓഫിലേക്ക് എത്തിയാല്‍ വിദേശതാരങ്ങളുടെ അഭാവം മുംബൈയുടെ ആറാം കിരീടമെന്ന സ്വപ്നം ഇല്ലാതാക്കുമോ.
ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുടര്‍ന്നുണ്ടായ ഇടവേളയും പുതുക്കിയ മത്സരക്രമവുമെല്ലാം അന്താരാഷ്ട്ര കലണ്ടറുമായി ക്ലാഷായതാണ് ഐപിഎല്‍ ടീമുകളെ പ്രതിസന്ധിയിലാക്കിയത്. അഞ്ച് വിദേശതാരങ്ങളെയാണ് മുംബൈ പ്രധാനമായും സീസണില്‍ ഉപയോഗിച്ചിട്ടുള്ളത്. റിയാൻ റിക്കല്‍ട്ടണ്‍, വില്‍ ജാക്ക്‌സ്, ട്രെൻ ബോള്‍ട്ട്, മിച്ചല്‍ സാന്റ്നര്‍, കോർബിൻ ബോഷ്. റിക്കല്‍ട്ടണും ജാക്‌സും ബോള്‍ട്ടും സീസണിലുടനീളം ഇലവന്റെ ഭാഗമായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമാണ് റിക്കല്‍ട്ടണും ബോഷും. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ജാക്ക്‌സും ഇടംപിടിച്ചിട്ടുണ്ട്. മൂവരും ലീഗ് ഘട്ടത്തിന് ശേഷം ദേശീയ ടീമിനൊപ്പം ചേരും. ആശ്വാസമാകുന്നത് ബോള്‍ട്ടും സാന്റനറും ടൂര്‍ണമെന്റിലുടനീളം ടീമിനൊപ്പമുണ്ടായേക്കുമെന്നതാണ്. ലീഗ് ഘട്ടത്തിലെ മുംബൈയുടെ അവസാന മത്സരം മേയ് 26ന് പഞ്ചാബിനെതിരെയാണ്.
സീസണിന്റെ രണ്ടാം പകുതിയോട് അടുക്കുമ്പോഴായിരുന്നു മുംബൈക്ക് സ്ഥിരതകൈവരിച്ചത്. അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവായിരുന്നു. റിക്കല്‍ട്ടണ്‍-രോഹിത് ശര്‍മ സഖ്യം. മുംബൈക്കൊപ്പമുള്ള കന്നി സീസണില്‍ 336 റണ്‍സ് ഇതുവരെ നേടാൻ റിക്കല്‍ട്ടണായിട്ടുണ്ട്. 152 സ്ട്രൈക്ക് റേറ്റിലും 30 ശരാശരിയിലുമാണ് ഇടം കയ്യൻ ബാറ്ററുടെ പ്രകടനം.
മുംബൈയ്ക്കായി 11 മത്സരങ്ങളില്‍ ഓപ്പണിങ്ങിനിറങ്ങിയ സഖ്യം 381 റണ്‍സ് ഇതുവരെ ചേര്‍ത്തിട്ടുണ്ട്. കൂട്ടുകെട്ട് പൊളിച്ചെഴുതുക എന്നത് മുംബൈയ്ക്ക് എളുപ്പമാകില്ല എന്നതുമാത്രമല്ല, ടീം ബാലൻസിനേയും ബാധിക്കും. പരാജയങ്ങളുണ്ടായെങ്കിലും പൊളിച്ചെഴുത്തിന് തായാറാകാതെ സഖ്യത്തില്‍ മുംബൈ ഉറച്ചുനിന്നിരുന്നു. റിക്കല്‍ട്ടണ് പകരം തിലക് വര്‍മയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സാധ്യതയുണ്ട്, പക്ഷേ അത് മധ്യനിരയേയും ബാധിക്കുന്ന ഒന്നാണ്.
ഒരു ഹാര്‍ഡ് ഹിറ്ററായി മുംബൈയിലെത്തിയ ജാക്ക്‌സിന്റെ ഓള്‍റൗണ്ട് മികവിനായിരുന്നു സീസണ്‍ സാക്ഷ്യം വഹിച്ചത്. കളിയുടെ സാഹചര്യത്തിന് അനുസരിച്ചായിരുന്നു ജാക്ക്‌സിന്റെ ബാറ്റിങ് നിരയിലെ സ്ഥാനം പോലും. 195 റണ്‍സ് നേടിയ ജാക്ക്‌സ് അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി. സാന്റ്നറും കരണ്‍ ശര്‍മയും നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ പോലും കൂട്ടുകെട്ടുകള്‍ പൊളിക്കാൻ ജാക്ക്‌സിന്റെ ഓഫ് ബ്രേക്ക് സഹായിച്ചു.
ജാക്ക്‌സിന്റെ പകരക്കാരനായി ജോണി ബെയര്‍സ്റ്റൊയെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജാക്ക്‌സെന്ന ബാറ്ററിന് ബെയര്‍സ്റ്റൊ പകരക്കാരനായേക്കും. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ജാക്ക്‌സ് നല്‍കുന്ന സ്റ്റബിലിറ്റിയുടെ അഭാവം നികത്താനായേക്കില്ല. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബിനുമായി 50 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബെയര്‍സ്റ്റോയക്ക് മോശമല്ലാത്ത റെക്കോര്‍ഡ് ഐപിഎല്ലിലുണ്ട്.
രണ്ട് സെഞ്ച്വറികള്‍ നേടിയ ബെയര്‍സ്റ്റോയുടെ തോളിലേറിയായിരുന്നു കഴിഞ്ഞ സീസണില്‍ പഞ്ചാബ് കൊല്‍ക്കത്തയെ 262 റണ്‍സ് പിന്തുടര്‍ന്ന പരാജയപ്പെടുത്തിയത്. റിക്കല്‍ട്ടണ്‍ മടങ്ങുന്ന പശ്ചാത്തലത്തില്‍ വിക്കറ്റ് കീപ്പര്‍ റോള്‍ വഹിക്കാനും ബെയര്‍സ്റ്റോയ്ക്ക് കഴിയും. തിലക് ഓപ്പണിങ്ങിലേക്ക് എത്തി ബെയര്‍സ്റ്റോ മധ്യനിരയില്‍ അവതരിച്ചാല്‍ ഒരുപരിധിവരെ വിടവ് നികത്താനാകുമെന്ന് കരുതാം.
സാന്റ്നര്‍ കായികക്ഷമത വീണ്ടെടുക്കാൻ വൈകിയതായിരുന്നു ബോഷിന് മുംബൈയുടെ കുപ്പായമണിയാൻ അവസരമൊരുങ്ങിയത്. കിട്ടിയ രണ്ട് അവസരങ്ങളില്‍ തന്റെ മൂല്യം തെളിയിക്കാൻ ബോഷിനായി. ഫിനിഷര്‍ റോളിലെത്തി 47 റണ്‍സ് നേടുകയും ഒരു വിക്കറ്റും സ്വന്തമാക്കി. എന്നാല്‍, സാന്റ്നര്‍ ആരോഗ്യവീണ്ടെടുത്തതായാണ് മുംബൈ ക്യാമ്പ് നല്‍കുന്ന സൂചന. അതുകൊണ്ട് ബോഷിന്റെ അഭാവത്തെ മറികടക്കാൻ മുംബൈക്ക് സാധിക്കും.
സീസണില്‍ 18 വിക്കറ്റുകളുമായി മുംബൈയുടെ വിജയങ്ങളില്‍ തിളങ്ങിയ താരമാണ് ബോള്‍ട്ട്. ബുംറ - ബോള്‍ട്ട് സഖ്യം മുംബൈയുടെ പ്രതാപം വീണ്ടെടുത്ത് നല്‍കുന്നതിനും സീസണ്‍ സാക്ഷിയായി. അതുകൊണ്ട്, ബോള്‍ട്ടിന്റെ തിരിച്ചുവരവ് മുംബൈയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.


