കഴിഞ്ഞ കുറച്ച് കാലഘട്ടങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന മുഖങ്ങളാണ് ആ ഉത്തരവാദിത്തം വഹിച്ചിരുന്നത്

ഏറ്റവും മൂല്യമുള്ളൊരു പോസിഷൻ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അതാണ് നമ്പർ ഫോർ. ഗുണ്ടപ്പ വിശ്വനാഥ്, ദിലിപ് വെങ്‌സാർക്കർ, സച്ചിൻ തെൻഡുല്‍ക്കര്‍ എന്നിവരെല്ലാം നാലാം നമ്പറില്‍ തിളങ്ങിയവരാണ്, ഏറ്റവും ഒടുവിലായി വിരാട് കോലിയും. കഴിഞ്ഞ കുറച്ച് കാലഘട്ടങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന മുഖങ്ങളാണ് ആ ഉത്തരവാദിത്തം വഹിച്ചിരുന്നത്. ഉദാഹരണമാണ് സച്ചിനും കോലിയുമൊക്കെ. ഇനിയാര് എന്ന ചോദ്യമാണ് മുന്നിലുള്ളത്.

ശുഭ്‌മാൻ ഗില്ലില്‍ നിന്ന് തന്നെ ആരംഭിക്കാം. ഇന്ത്യയെ നയിക്കാനുള്ള ചുമതല ഗില്ലിലേക്ക് എത്തുമെന്നതാണ് സൂചനകള്‍. നിലവില്‍ ടെസ്റ്റില്‍ മൂന്നാം നമ്പറിലാണ് ഗില്‍ ക്രീസിലെത്താറുള്ളത്. മേല്‍പറഞ്ഞതുപോലെ അടുത്ത പതിറ്റാണ്ടിലെ ഇന്ത്യയുടെ മുഖമെന്ന് വിലയിരുത്തുന്ന താരം കൂടിയാണ് വലം കയ്യൻ ബാറ്റര്‍. കോലിയുടെ പിൻഗാമിയെന്ന തലക്കെട്ടും ചുരുങ്ങിയ കാലംകൊണ്ട് സമ്പാദിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്.

അസാമാന്യ സ്ട്രോക്ക് പ്ലേ കൈമുതാലയുള്ള താരം, ഏത് സാഹചര്യത്തിനും അനുയോജ്യമായി തന്റെ ഗെയിം മെനയാൻ കഴിയുന്നയാള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ, അത് കളത്തിലും തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു ശരാശരി താരത്തിനപ്പുറം ടെസ്റ്റിലേക്ക് ഉയരാൻ 32 മത്സരങ്ങള്‍ പിന്നിട്ടിട്ടും ഗില്ലിന് കഴിഞ്ഞിട്ടില്ല. മറുവശത്ത് അസാധാരണമായ നേട്ടങ്ങളോടെയാണ് വൈറ്റ് ബോള്‍ കരിയര്‍. അതുകൊണ്ട് നാലാം നമ്പറിന്റെ ഉത്തരവാദിത്തം ചെറുതാകില്ല. 

കെ എല്‍ രാഹുലെന്ന വലിയ പേരുകൂടി സാധ്യതാ പട്ടികയിലുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകുന്ന ഇന്ത്യയുടെ ക്രൈസിസ് മാനേജർ. പക്ഷേ, രാഹുലിന്റെ സേവനം നാലാം നമ്പറിനാണോ ആവശ്യമെന്ന ചോദ്യവും ഉയരുന്നുണ്ട് . പ്രത്യേകിച്ചും രോഹിത് ശർമയുടെ അഭാവത്തിനുകൂടി പരിഹാരം കാണേണ്ട പശ്ചാത്തലത്തില്‍. 

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡ‍ര്‍ - ഗവാസ്കര്‍ ട്രോഫിയില്‍ രോഹിതിന്റെ അസാന്നിധ്യത്തില്‍ രാഹുലായിരുന്നു ഓപ്പണിങ്ങിനിറങ്ങിയത്, നിരാശപ്പെടുത്താത്ത പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിലെ മികച്ച റെക്കോർഡ് പരിശോധിക്കുമ്പോള്‍ രാഹുലിന് അനുയോജ്യം ഓപ്പണിങ് സ്ഥാനം തന്നെയാണെന്ന് പറയാനാകും.

സര്‍പ്രൈസായി കരുണ്‍ നായരിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന ആകാംഷയുമുണ്ട്. രഞ്ജി ട്രോഫി ഫൈനലിലുള്‍പ്പെടെ കേരളത്തിനെതിരെ വിദര്‍ഭയ്ക്കായി നാലാം നമ്പറിലെത്തി സെഞ്ച്വറി നേടിയിരുന്നു കരുണ്‍. ആഭ്യന്തര ക്രിക്കറ്റിലെ കരുണിന്റെ നമ്പറുകളോട് കണ്ണടയ്ക്കാൻ സെലക്ടര്‍മാര്‍ക്ക് ഇനിയും സാധിക്കുമോയെന്നും ചോദ്യമുണ്ട്. 

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മാത്രമല്ല കരുണിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്റ്റൻഷയറിനായി 13 കളികളില്‍ നിന്ന് 985 റണ്‍സ് നേടിയിരുന്നു, ശരാശരി 69. പക്ഷേ, ഇന്ത്യയ്ക്കായി കളിച്ച ചുരുങ്ങിയ കാലയളവില്‍ കരുണ്‍‍ കൂടുതലായും പ്രത്യക്ഷപ്പെട്ടത് അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളിലായിരുന്നു. എങ്കിലും നാലാം നമ്പറിന് സാധ്യതകല്‍പ്പിക്കുന്നവരില്‍ കരുണിനേയും ഉള്‍പ്പെടുത്താം.

നിരന്തരമുള്ള സ്ഥിരതയാര്‍ന്ന പ്രകടനം സായ് സൂദര്‍ശനും ടീമിലേക്ക് വഴിയൊരുക്കിയേക്കും. ന്യൂസിലൻഡിനെതിരായ ഹോം സീരീസും ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി കൈവിട്ടതോടെ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറാകുമോയെന്നതില്‍ സംശയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന് അനിവാര്യമായ കളിശൈലിയാണ് തന്റേതെന്ന് 23 വയസുകാരൻ തെളിയിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ അല്ലെങ്കില്‍ മൂന്നിലെങ്കിലും സായിയെ പരീക്ഷിക്കാൻ കഴിയും.

മറ്റൊരാള്‍ ശ്രേയസ് അയ്യരാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനയ്ക്കും അപ്പുറം ഇന്ത്യ ചിന്തിക്കാൻ തുടങ്ങിയ നിമിഷം മുതല്‍ പരിഗണിക്കപ്പെട്ടിരുന്ന താരമാണ് ശ്രേയസ്. 2021ല്‍ അരങ്ങേറിയ മധ്യനിര ബാറ്റ‍ര്‍ ഇതുവരെ 14 ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 2023 ഏകദിന ലോകകപ്പ്, 2025 ചാമ്പ്യൻസ്ട്രോഫി എന്നിവയിലെ പ്രകടനം താരത്തിന്റെ സ്ഥിരത ഉറപ്പിക്കുന്നതാണ്. ശ്രേയസിന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമായാല്‍ മധ്യനിരയില്‍ കാണാനായേക്കും.