ദില്ലി: ഇന്ത്യൻ അത്‍ലറ്റിക്‌സിന് തിരിച്ചടികളുടെ വർഷമായിരുന്നു 2019. ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ ദ്യുതി ചന്ദും ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി യു ചിത്രയും നേടിയ സ്വർണം മാത്രമേ ഇന്ത്യക്ക് ആശ്വസിക്കാനുള്ളൂ.

ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ 11.32 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടാണ് ദ്യുതിയുടെ സ്വർണനേട്ടം. ആഗോള വേദിയിൽ 100 മീറ്റർ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി ഒഡിഷ സ്വദേശിയായ ദ്യുതി ചന്ദ്. ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 1500 മീറ്ററിൽ സ്വർണം നേടിയാണ് പി യു ചിത്ര മലയാളികളുടെ അഭിമാനമായത്. ബഹറിൻ താരങ്ങളുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചായിരുന്നു ചിത്രയുടെ സ്വർണക്കുതിപ്പ്.

ഏഷ്യൻ അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഷോട്ട് പുട്ടിൽ തേജീന്ദർ പാൽ സിംഗ് ടൂറും 800 മീറ്ററിൽ ഗോമതി മാരിമുത്തുവും സ്വർണപ്പട്ടികയിൽ ഇടംപിടിച്ചു. പക്ഷേ ഗോമതി ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് മെഡൽ നഷ്ടമായത് നാണക്കേടായി. ഗോമതിക്കൊപ്പം സജ്ജീവനി യാദവും ഷോട്ട്പുട്ട് താരം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം പി ജാബിർ വെങ്കലം സ്വന്തമാക്കി. 

മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, ടോം നി‍ർമ്മൽ നോഹ് എന്നിവരുൾപ്പെടെ 4x400 മീറ്റർ മിക്‌സഡ് റിലേ ടീമും 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ അവിനാശ് സാബ്ലേയും അടുത്തവ‍ർഷത്തെ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയതൊഴിച്ചാൽ ഇന്ത്യക്ക് ട്രാക്കിലും ഫീൽഡിലും ആശ്വസിക്കാനൊന്നുമില്ല. ദോഹയിൽ നടന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഏഴാമതെത്തിയാണ് മലയാളി താരങ്ങൾ 4x400 മീറ്റർ മിക്‌സഡ് റിലേയിൽ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 

അവിനാശ് ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. അന്നുറാണി ജാവലിൻ ത്രോ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും അവസാന സ്ഥാനത്തായി. ഇരുപത്തിയേഴംഗ ടീമിനെ അണിനിരത്തിയിട്ടും ലോക അത്‍ലറ്റിക് മീറ്റിൽ ഇന്ത്യക്ക് മെഡൽപ്പട്ടികയിൽ ഇടംപിടിക്കാനായില്ല. യൂറോപ്യൻ പരിശീലനത്തിനിടെ ചെക്ക് റിപ്പബ്ലിക്കിലും പോളണ്ടിലും നടന്ന മീറ്റുകളിൽ ആറ് സ്വർണം നേടിയെങ്കിലും പരുക്കേറ്റ ഹിമ ദാസിന് ഏഷ്യൻ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറേണ്ടിവന്നത് തിരിച്ചടിയായി.

ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായ ലോക ജൂനിയർ ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് പരുക്കുമൂലം കൂടുതൽ സമയവും പുറത്തിരിക്കേണ്ടിവന്നു. വലതുകൈമുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനായ നീരജിനും ഏഷ്യൻ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായില്ല. ഇന്ത്യൻ അത്‍ലറ്റിക്‌സിൽ ഇരുപതോളം താരങ്ങൾ മരുന്നടിക്ക് പിടിക്കപ്പെട്ടപ്പോൾ പ്രായത്തട്ടിപ്പിന് കുടുങ്ങിയത് ഇരുന്നൂറിലേറെ താരങ്ങൾ. ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലായിരുന്നു വ്യാപകമായ പ്രായത്തട്ടിപ്പ് നടന്നത്. ഇതും നാണക്കേടായി.