ഡര്‍ബന്‍: നായകനെന്ന നിലയില്‍ ടെസ്റ്റ് പരമ്പരയിലേറ്റ വിമര്‍ശനങ്ങള്‍ക്ക് ആദ്യ ഏകദിനത്തില്‍ തന്നെ ചുട്ട മറുപടി നല്‍കി വിരാട് കോലി. ടീം സെലക്ഷനെ ചൊല്ലിയുള്ള ആരോപണങ്ങള്‍ തള്ളി അമ്പരിപ്പിക്കുന്ന ലൈനപ്പുമായാണ് ഡര്‍ബനില്‍ ഇന്ത്യയിറങ്ങിയത്. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്‌പിന്നര്‍മാരെയും മധ്യനിരയില്‍ അജിങ്ക്യ രഹാനെയും ഉള്‍പ്പെടുത്തി കോലിപ്പട കളിച്ചു.

കോലിയുടെ തീരുമാനത്തോട് അത്ഭുതത്തോടെയാണ് കമന്‍റേറ്റര്‍മാര്‍ പ്രതികരിച്ചത്. എന്നാല്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിച്ച കോലിയുടെ തീരുമാനം ശരിവെക്കുന്നതായി മത്സരം. ദക്ഷിണാഫ്രിക്കയെ 269 റണ്‍സിലൊതുക്കിയത് യശ്വേന്ദ്ര ചഹലിന്‍റെയും കുല്‍ദീപ് യാദവിന്‍റെയും ബൗളിംഗ് മികവാണ്. 20 ഓവര്‍ എറിഞ്ഞ ഇരുവരും 79 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് പിഴുതു. 

മികച്ച സ്കോര്‍ നേടുമെന്ന് തോന്നിച്ച ഡികോക്കിനെയും എയ്ഡന്‍ മര്‍ക്രാമിനെയുമാണ് ചഹല്‍ പുറത്താക്കിയത്. അതേസമയം മധ്യനിരയിലെ കൂറ്റനടിക്കാരനായ ഡുമിനിയും മില്ലറും മോറിസും യാദവിന് മുന്നില്‍ വീണു. ആദ്യഏകദിനത്തില്‍ തന്നെ അവസരം ലഭിച്ച രഹാനെ അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു. ഏകദിന പരമ്പരയില്‍ ചോദ്യചിഹ്നമായിരുന്ന രഹാനെയുടെ ബാറ്റിംഗ് പൊസിഷന് ഉത്തരം കണ്ടെത്താനും കോലിക്കായി.