ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോര്‍മാറ്റിലും വിജയകരമായി നയിക്കുകയാണ് ഇപ്പോള്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടാനിടയില്ല. ഏഷ്യാകപ്പില്‍ കോലിയ്ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചപ്പോള്‍ നായകനായി തെരഞ്ഞെടുത്തത് രോഹിത് ശര്‍മയെ ആണ്. സീനിയര്‍ താരങ്ങളായ രോഹിത്തിനെയും രഹാനെയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയുടെ ഭാവി നായകന്‍മാരാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണ്.
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോര്‍മാറ്റിലും വിജയകരമായി നയിക്കുകയാണ് ഇപ്പോള്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടാനിടയില്ല. ഏഷ്യാകപ്പില്‍ കോലിയ്ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചപ്പോള്‍ നായകനായി തെരഞ്ഞെടുത്തത് രോഹിത് ശര്‍മയെ ആണ്. സീനിയര്‍ താരങ്ങളായ രോഹിത്തിനെയും രഹാനെയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയുടെ ഭാവി നായകന്‍മാരാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണ്.
ഹര്‍ദ്ദീക് പാണ്ഡ്യ: കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന വിശേഷണവുമായി ഇന്ത്യന്‍ ടീമിലെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ ഇതുവരെ പ്രതിഭക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണിന്ന്. ഇതുവരെ 11 ടെസ്റ്റുകളും 40 ഏകദിനങ്ങളും കളിച്ച ഹര്‍ദ്ദീക് പലപ്പോഴും അപക്വമായ പെരുമാറ്റം പുറത്തെടുക്കാറുണ്ടെങ്കിലും 24കാരനായ താരം ഭാവിയിലെ ഇന്ത്യന്‍ നായകനാവാനുള്ള മത്സരത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. ഇതുവരെ ഫസ്റ്റ് ക്ലാസ് തലത്തില്‍പ്പോലും ഒരു ടീമിനെ നയിച്ചിട്ടില്ലെന്ന പോരായ്മ മാത്രമാണ് ഹര്‍ദ്ദീകിന് മുന്നിലെ പ്രധാന വെല്ലുവിളി.
പൃഥ്വി ഷാ: വിരാട് കോലിക്കുശേഷം ബാറ്റിംഗില്‍ ഇന്ത്യയുടെ നട്ടെല്ലാവുമെന്ന് കരുതുന്ന താരമാണ് 18കാരനായ പൃഥ്വി ഷാ. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എങ്കിലും 18 വയസില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തുക എന്നത് ചില്ലറ നേട്ടമല്ല. കോലിയുടേത് പോലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പെരുമ പൃഥ്വിക്കുമുണ്ട്. നായകനെന്ന നിലയില്‍ ടീം അംഗങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന കളിക്കാരനുമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ കോലി യുഗത്തിനുശേഷം വരാനിരിക്കുന്നത് പൃഥ്വി ഷായുടെ കാലമാണെന്ന് ആരാധകര്‍ കരുതുന്നു.
ശ്രേയസ് അയ്യര്‍:ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംതാരമാണ് ശ്രേയസ് അയ്യര്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവ് രാജ്യാന്തര ക്രിക്കറ്റില്‍ ലഭ്യമായ ചുരുങ്ങിയ അവസരങ്ങളില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും ശ്രേയസ് ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ വിശ്വസ്തനാവുമെന്ന് കരുതുന്നവരാറേയും. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിച്ച പരിചയസമ്പത്തും ശ്രേയസിന്റെ മുതല്‍ക്കൂട്ടാണ്. ഇന്ത്യാ എ ടീമിന്റെ നായകനായും ശ്രേയസ് തിളങ്ങിയിട്ടുണ്ട്. കോലിയുടെ പിന്‍ഗാമിയെന്ന് നേരത്തെ തന്നെ വിശേഷിപ്പിക്കപ്പെട്ട അയ്യര്‍ ഭാവിയില്‍ ഇന്ത്യന്‍ നായാകനായാലും അത്ഭുതപ്പെടാനാവില്ല.
