മുംബൈ: ഇന്ത്യന്‍ ടീമിലെ ചില കളിക്കാര്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി കളിക്കുന്നവരാണെന്ന് ഗ്ലെന്‍ മാക്സ്‌വെല്‍ മുമ്പ് ആരോപിച്ചിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നത് അവിടെയിരിക്കട്ടെ. എന്തായാലും റെക്കോര്‍ഡിനായിട്ടല്ലെങ്കിലും വ്യക്തിഗത നേട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ മുമ്പ് പലതവണ കളിച്ചിട്ടുണ്ട്. ടീമില്‍ സ്ഥാനം നിലന്‍ത്താനോ അടുത്ത പരമ്പരയ്ക്കുള്ള ടീമിലും ഇടം ലഭിക്കാനോ എല്ലാമായിരുന്നു ഇതെങ്കിലും അതെല്ലാം പക്ഷെ ടീമിനെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു. അത്തരം ചില ഇന്നിംഗ്സുകളിതാ.

രവീന്ദ്ര ജഡേജ-2009ലെ ട്വന്റി-20 ലോകകപ്പ്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 153 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ജയിക്കാന്‍ ഓവറില്‍ 7.65 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യ നേടിയത് 150 രണ്‍സ്. രണ്ട് റണ്‍സിന്റെ തോല്‍വി. റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തിലും കൂളായി ബാറ്റ് ചെയ്ത ജഡേജ നേടിയതാകട്ടെ 35 പന്തില്‍ 25 റണ്‍സ്. ഈ സംഭവത്തിനുശേഷമാണ് പലരും ജഡേജയെ സര്‍ ചേര്‍ത്ത് കളിയാക്കാന്‍ തുടങ്ങിയത്.

മനോജ് പ്രഭാകര്‍- 1994ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഇന്ത്യക്ക് മുന്നില്‍ 257 റണ്‍സിന്റെ വിജയലക്ഷ്യ മുന്നോട്ടുവെച്ചു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മനോജ് പ്രഭാകറാകട്ടെ 154 പന്തില്‍ 102 റണ്‍സ് നേടി. പക്ഷെ കളി ഇന്ത്യ തോറ്റു. ഇന്ത്യ നേടിയതാകട്ടെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ്. പിന്നീട് ഇതേക്കുറിച്ച് പ്രഭാകര്‍ തന്നെ പറഞ്ഞത് ക്രീസിലെത്തിയ നയന്‍ മോംഗിയ തന്നോട് പറഞ്ഞത് കളി ജയിക്കാനല്ല വെസ്റ്റിന്‍ഡീസ് സ്കോറിനോട് പരമാവധി അടുത്തെത്താന്‍ മാത്രമാണെന്നായിരുന്നു. ടീം മാനേജ്മെന്റിന്റെ നിര്‍ദേശമനുസരിച്ചാണ് മെല്ലെപ്പോക്ക് നടത്തിയതെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു.

നയന്‍ മോംഗിയ- ഇതേ മത്സരത്തില്‍ ജഡേജ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 54 പന്തില്‍ 63 റണ്‍സ്. എന്നാല്‍ മോംഗിയ ക്രീസിലെത്തിയതോടെ അടുത്ത നാലോവറില്‍ ഇന്ത്യ നേടിയത് അഞ്ചു റണ്‍സ്. അവസാന അഞ്ചോവറിലാകട്ടെ 11 റണ്‍സും. 21 പന്തുകള്‍ നേരിട്ട മോംഗിയ നേടിയത് നാലു റണ്‍സ് മാത്രവും. കളി ഇന്ത്യ തോറ്റതാകട്ടെ 46 റണ്‍സിനും.

ശീഖര്‍ ധവാന്‍-ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും കുറഞ്ഞ സ്കോറിന് പുറത്തായ ധവാന് മൂന്നാം ഏകദിനത്തില്‍ മികച്ചൊരു സ്കോര്‍ അനിവാര്യമായിരുന്നു. അതിനാല്‍ പരമാവധി ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നു ധവാന്റെ ശ്രമം. 68 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും അതിനായി ധവാനെടുത്തത് 91 പന്തുകളാണ്. കളിയില്‍ ഇന്ത്യ ഒരോവര്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിന് തോറ്റു. ധവാന്‍ കുറച്ചുകൂടി വേഗത്തില്‍ സ്കോര്‍ ചെയ്തിരുന്നെങ്കിലെന്ന് ആരാധകര്‍ ചിന്തിച്ചുപോയ നിമിഷം.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-2012 ഏഷ്യാ കപ്പിലെ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം. സച്ചിന്റെ നൂറാം സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ സന്തോഷിപ്പിച്ച് സച്ചിന്‍ ചരിത്ര നേട്ടം കുറിച്ചു. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 289 റണ്‍സ്. 49.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്ന് ഇന്ത്യയെ ഞെട്ടിച്ചു. മത്സരത്തില്‍ സച്ചിന്‍ നേടിയത് 147 പന്തില്‍ 114 റണ്‍സ്. 80ല്‍ നിന്ന് 100ലെത്താന്‍ സച്ചിനെടുത്തത് 36 പന്തുകള്‍. നാല്‍പതാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്ന ഇന്ത്യക്ക് സച്ചിന്റെ മെല്ലെപ്പോക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സുരേഷ് റെയ്ന(38 പന്തില്‍ 51) ഇന്ത്യയെ ഇത്രയുമെങ്കിലുമെത്തിച്ചത്. സച്ചിന്‍ ചരിത്രംകുറിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റെന്നത് മറ്റൊരു ചരിത്രമായി.