66 -ാമത് ദേശീയ വോളീബോള്‍; കോഴിക്കോട് സ്മാഷ് മാമാങ്കം

First Published 28, Feb 2018, 2:40 PM IST
66th national volleyball Kozhikode Smash starts
Highlights
  • ഫെബ്രുവരി 21 ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രമുഖരായ 28 പുരുഷ ടീമുകളും 25 വനിത ടീമുകളായിരുന്നു കോഴിക്കോട് നടക്കുന്ന വോളിയില്‍ മാറ്റുരയ്ക്കാനെത്തിയത്. 

കോഴിക്കോട്: പന്തുകളിയുടെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഇന്ന് കോഴിക്കോട് നഗരം. തുകല്‍പന്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്മാഷിനൊപ്പം ആരാധകരുടെ ആരവമുയര്‍ന്ന് പൊങ്ങുകയാണ്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിയ ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് എല്ലാതരത്തിലും നെഞ്ചേറ്റുകയാണ് വോളി പ്രേമികള്‍. ഫെബ്രുവരി 21 ന് ആരംഭിച്ച ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രമുഖരായ 28 പുരുഷ ടീമുകളും 25 വനിത ടീമുകളായിരുന്നു കോഴിക്കോട് നടക്കുന്ന വോളിയില്‍ മാറ്റുരയ്ക്കാനെത്തിയത്. 

വ്യത്യസ്ത ഭാഷയും വേഷവും സംസ്‌കാരവുമുള്ള ഇന്ത്യക്കാര്‍ വോളിബോള്‍ എന്ന വികാരത്തിന് മുന്‍പില്‍ പരസ്പരം പോരാടി. മലയാളികള്‍ മിക്ക ടീമുകള്‍ക്കും വേണ്ടിയും കളിക്കളത്തിലിറങ്ങി. കേരളത്തിന് വേണ്ടി തമിഴ്‌നാട്ടുകാര്‍ ജേഴ്‌സിയണിഞ്ഞു. പൊടിപാറുന്ന സ്മാഷുകളും കവിത വിരിയിക്കുന്ന പെയ്‌സിങ്ങുകളും കണ്ട് ഇന്ത്യയിലെ വോളിബോള്‍ വാഗ്ദാനങ്ങളെ വാനോളം പുകഴ്ത്തുകയാണ് കൈപ്പന്തുകളി ആരാധകര്‍. മികച്ച കളി പുറത്തെടുത്ത കേരളം, റെയ്ല്‍വേസ്, തമിഴ്‌നാട്, സര്‍വിസസ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഹരിയാന ടീമുകള്‍ക്കാണ് കൂടുതല്‍ ആരാധകരുള്ളത്.
 
പുരുഷ ടീമിലെ ജെറോ ജോസഫ്, വിപിന്‍ എം. ജോര്‍ജ്, അജിത് ലാല്‍, അഖിന്‍, കെ.എസ്. രതീഷ്(കേരളം), എസ്. പ്രഭാകരന്‍, മനുജോസഫ്(റെയ്ല്‍വേസ്), അനൂപ് സിങ്, ദേവേന്ദര്‍, കിരണ്‍രാജ്( സര്‍വിസസ്), ശത്രിയന്‍, പ്രവീണ്‍കുമാര്‍, ഷെല്‍ട്ടന്‍, ഷെയ്ഖ് മുഹമ്മദ്( തമിഴ്‌നാട്) ശുഭം സൈനി, ശുഭ്‌സിങ്, സോഹന്‍ കുമാര്‍(ഹരിയാന), വനിതാ ടീമിലെ കെ.എസ്. ജിനി, അഞ്ജു ബാലകൃഷ്ണന്‍, എസ്. രേഖ, അഞ്ജുമോള്‍, അനുശ്രീ(കേരളം), നിര്‍മ്മല്‍, പ്രിയങ്ക ഖേദ്ക്കര്‍, വി. സൗമ്യ, മിനിമോള്‍, പൂര്‍ണ്ണിമ(റെയ്ല്‍വേസ്) തുടങ്ങിയവരുടെ മികച്ച പ്രകടനം ഇതിനോടകം നിരവധി ആരാധകരെ കോഴിക്കോട് സൃഷ്ടിച്ചു. 

വോളിയില്‍ തിളങ്ങി മലയാളികള്‍

ഇന്ത്യന്‍ വോളിബോളിന്റെ നെറുകയിലെന്നും മലയാളികളുടെ നിറസാന്നിധ്യമുണ്ട്. ജിമ്മി ജോര്‍ജിന്റെ പിന്‍മുറക്കാരായ നിരവധി മലയാളിതാരങ്ങള്‍ കേരളത്തിന്റെ യശസ് മികച്ച സ്മാഷുകളിലൂടെ വാനോളമുയര്‍ത്തി. കെ.സി. ഏലമ്മ, സാലി ജോസഫ്, ടോം ജോസഫ്, സിറില്‍ സി. വെളളൂര്‍, ഗോപിനാഥ്, ജോസ് ജോര്‍ജ്, അബ്ദുള്‍ റസാഖ്, ജെയ്‌സമ്മ മൂത്തേടം, മുകേഷ് ലാല്‍, മൊയ്തീന്‍ നൈന, എസ്.എ. മധു, ടി.സി. ജ്യോതിഷ്, പ്രേംജിത്ത്, ടി.പി. സായുജ്, പി. സുനില്‍ കുമാര്‍, ഇ.കെ. കിഷോര്‍, പി.വി ഷീബ, ശ്രീദേവി, ജിഷ തോമസ്, ടിജി രാജു തുടങ്ങിയവരെല്ലാം ഈ പട്ടികയിലുള്ളവരാണ്. 

കേരളത്തിന്‍റെ വനിതാടീം ക്യാപ്റ്റൻ അഞ്ജുമോളുടെ സ്മാഷ്

ദേശീയ വോളിയില്‍ എക്കാലത്തെയും ശ്രദ്ധേയരായ ടീമുകളാണ് കേരളത്തിനായി കളം നിറയാറ്. കേരള വനിതകള്‍ പത്ത് തവണ കിരീടം ചൂടിയപ്പോള്‍ പുരുഷന്മാര്‍ അഞ്ച് തവണ ജേതാക്കളായിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍മാരാണ് കേരളം. വനിതാ വിഭാഗത്തില്‍ റണ്ണേഴ്‌സ് അപ്പും. 1972 ല്‍ കെ.സി. ഏലമ്മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ കേരള വനിതാ ടീമാണ് ആദ്യമായി കിരീടം സ്വന്തമാക്കുന്നത്. തുടര്‍ന്ന് 1973, 1975, 1976, 1980, 1981, 1982, 1985, 2005, 2007 എന്നീ വര്‍ഷങ്ങളിലും വനിതകള്‍ ചാംപ്യന്മാരായി. കിരീട നേട്ടത്തില്‍ സാലി ജോസഫ് നാല് പ്രാവശ്യവും കേരളം ഹാട്രിക് കിരീടം നേടിയ 1980, 1981, 1982 വര്‍ഷങ്ങളില്‍ ജയ്‌സമ്മ മൂത്തേടവും ടീമിനൊപ്പം ഉണ്ടായിരുന്നു. 

നിരവധി തവണ ഫൈനല്‍ കളിച്ച കേരള പുരുഷന്മാര്‍ 1997 ലാണ് ആദ്യമായി ചാംപ്യന്മാരാകുന്നത്. വിശാഖപട്ടണത്ത് ബി. അനിലിന്റെ നേതൃത്വത്തിലായിരുന്നു അത്. തുടര്‍ന്ന് 2001 ല്‍ ബിജു വി. തോമസിന്റെയും, 2012 ല്‍ ഷാംജിയുടെയും, 2013 ല്‍ മനുവിന്റെയും 2016-17 ല്‍ രതീഷിന്റെയും നായകത്വത്തില്‍ കേരളം വിജയം നേടി. 

ഇത് നാലാം തവണയാണ് കോഴിക്കോട് ദേശീയ ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1980-81 ലാണ് കോഴിക്കോട് ആദ്യ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നടന്നത്. അന്ന് കേരളം റെയ്ല്‍വേയോട് തോറ്റ് പ്രാഥമിക റൗണ്ടില്‍ പുറത്തായി. 1991 ല്‍ മാനാഞ്ചിറയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളം സെമിയില്‍ തമിഴ്‌നാടിനോട് പരാജയപ്പെട്ടു. എന്നാല്‍ 2001 ല്‍ കേരളം കിരീടം ചൂടി. ബിജു വി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിരീടത്തില്‍ മുത്തമിട്ടത്.

 ഇന്ത്യൻ റെയ്ൽവേസിലെ മലയാളി താരം പൂർണിമയുടെ സ്മാഷ്

പൊലീസ് താരം ജി. അഞ്ജുമോള്‍ നയിക്കുന്ന ഇത്തവണത്തെ കേരള വനിതാ ടീമില്‍ കെഎസ്ഇബി താരങ്ങളായ എസ്.രേഖ, എം.ശ്രുതി, കെ.എസ്.ജിനി, ഇ.അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, ഫാത്തിമ റുക്‌സാന, കെ.പി.അനുശ്രീ, സായി താരങ്ങളായ എസ്.സൂര്യ, അഞ്ജലി സാബു, ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് താരം എന്‍.എസ്. ശരണ്യ, ആലുവ സെന്റ് സേവിയേഴ്‌സ് കോളേജ് താരം അശ്വതി രവീന്ദ്രന്‍ എന്നിവരുണ്ട്. രണ്ട് തവണ കേരളത്തിന്റെ പുരുഷ ടീമിനെയും ഒരു വനിത ടീമിനെയും കിരീടം അണിയിച്ച സണ്ണി ജോസഫാണ് ടീമിന്റെ പരിശീലകന്‍. ടീമിലെ എസ്.രേഖ, എം.ശ്രുതി, കെ.എസ്. ജിനി, അഞ്ജു ബാലകൃഷ്ണന്‍, കെ.പി.അനുശ്രീ എന്നിവര്‍ രാജ്യാന്തര താരങ്ങളാണ്. 

66-ാമത് ദേശീയ വോളിബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ നയിക്കുന്നത് തമിഴ്‌നാട്ടുകാരായ ജെറോം വിനീതാണ്. തഞ്ചാവൂര്‍ സ്വദേശിയായ ജെറോം നയിക്കുന്ന ടീമില്‍ ജി.എസ്. അഖിന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍. ജിതിന്‍, പി. രോഹിത്, അബ്ദുല്‍ റഹീം, സി. അജിത്ത് ലാല്‍, വിബിന്‍ എം. ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ. അന്‍സബ്, സി.കെ. രതീഷ് (ലിബറോ) എന്നിവരാണ് അംഗങ്ങള്‍. ജെറോം, വിബിന്‍, അഖില്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കേരളത്തിനായി പുറത്തെടുത്തത്. ഇന്ന് നടക്കുന്ന കലാശപോരാട്ടത്തിലും കേരളത്തിന് വിജയിക്കാനായാല്‍ അത് മറ്റൊരു ചരിത്രമാകും. 

കേരള പുരുഷ ടീം

എല്ലാവര്‍ക്കും പ്രിയം മലയാളികള്‍

ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മിക്ക സംസ്ഥാന ടീമുകളിലും നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്റെ പ്രിയതാരങ്ങളാണ്. ബഹുഭൂരിപക്ഷം പുരുഷ വനിതാ ടീമുകളിലും മലയാളി താരങ്ങളുടെ നിറ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ റെയ്ല്‍വേസ് അടക്കമുള്ള പ്രമുഖ ടീമുകളുടെ പരിശീലകരുടെ റോളിലും മലയാളികള്‍ തന്നെ. 

വനിതകളില്‍ നിലവിലെ ജേതാക്കളായ റെയ്ല്‍വേസ് ടീമില്‍ അഞ്ച് മലയാളി താരങ്ങളുണ്ട്. വടകര സ്വദേശിനി എം.എസ്. പൂര്‍ണിമ, വി. സൗമ്യ, കെ.എസ്. സ്മിഷ, മിനിമോള്‍ അബ്രാഹം എന്നിവരാണ് റെയ്ല്‍വേസിലെ മലയാളികള്‍. ബാലുശേരി സ്വദേശിയായ മുന്‍ രാജ്യാന്തര താരം മുകേഷ് ലാലാ റെയ്ല്‍വേസ് വനിതാ ടീമിന്റെ സഹപരിശീലകന്‍. റെയ്ല്‍വേസ് പുരുഷ ടീമിന്റെ മുഖ്യപരിശീലകനും മലയാളിയായ രാജ്യാന്തര താരം ടി.സി. ജ്യോതിഷാണ്. തൃശൂര്‍ അന്തിക്കാട് സ്വദേശിയായ ജ്യോതിഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെയും റെയില്‍വേ പുരുഷ ടീമിന്റെയും ചീഫ് കോച്ചായിരുന്നു. 

സര്‍വീസസിന്റെ പുരുഷ ടീമില്‍ ടീമില്‍ സഹപരിശീലകന്‍ ഉള്‍പ്പെടെ ആറ് മലയാളികളുണ്ട്. വടകര സ്വദേശി വി.എം. ശ്രീജിത്താണ് സഹപരിശീലകന്‍. കോഴിക്കോട്ടുകാരന്‍ സാബിത്ത്, ഇടുക്കി സ്വദേശി മനു കെ. കുര്യന്‍, കോട്ടയം സ്വദേശി നിയാസ്, തൃശൂര്‍ക്കാരന്‍ കിരണ്‍രാജ്, കണ്ണൂര്‍ക്കാരനായ പി. വിജീഷ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയാണെങ്കിലും ദീര്‍ഘമായി കേരളത്തില്‍ താമസിക്കുന്ന ശിവരാജനും റെയില്‍വേ ടീമിലുണ്ട്. റെയില്‍വേ പുരുഷ ടീമിന്റെ നായകന്‍ വോളി ആരാധകരുടെ ഇഷ്ടതാരം കണ്ണൂരുക്കാരന്‍ മനു ജോസഫാണ്. മലയാളിയായ മര്‍ഷാദ് സുഹൈലും ടീമിലുണ്ട്. 

കേരള വനിതാ ടീം

ഒഡീഷ വനിത ടീമില്‍ അഞ്ച് മലയാളി താരങ്ങളുണ്ട്. കുന്നമംഗലം സ്വദേശിനി കെ.പി. ആതിര, കട്ടാങ്ങല്‍ സ്വദേശിനി വി.ടി. നിമ്മി രാജ്, വയനാട് സ്വദേശി സി.ബി. പുണ്യ ജെയിന്‍, കണ്ണൂരുക്കാരി വി. അനുഷ, അങ്കമാലിക്കാരി അനിറ്റ ജയിംസ് എന്നിവര്‍ ഒഡീഷക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞ മലയാളികള്‍. പശ്ചിമ ബംഗാള്‍ ടീമിലും മലയാളി സാന്നിധ്യം കാണാം. ജില്‍ന അന്ന ജോണ്‍സണ്‍, അഞ്ജു തോമസ്, റിച്ചു മേരി തങ്കച്ചന്‍, അഷ്‌ന സ്റ്റിനി എന്നിവരാണ് ബംഗാള്‍ ടീമിലെ മലയാളികള്‍ താരങ്ങള്‍. തമിഴ്‌നാട് വനിത ടീമിലുമുണ്ട് മലയാളത്തിന്റെ സൗന്ദര്യം. ജോത്സന ജോജിയും ആര്‍.ജി. ആര്യയും തമിഴ്‌നാട് ടീമിന്റെ ശക്തികളാണ്. 

ഡല്‍ഹിക്കായി കണ്ണൂര്‍ ആലക്കോട് തേര്‍ക്കൊല്ലി സ്വദേശിനി റിയ എന്‍. ബാബു കളിച്ചു. സിആര്‍പിഎഫില്‍ സെലക്ഷന്‍ കിട്ടിയാണ് റിയ ഡല്‍ഹി ടീമിലെത്തിയത്. ഉത്തര്‍പ്രദേശ് ടീമിനായി കണ്ണൂര്‍ ചേമ്പേരിക്കാരി ലിന്റാ സാബുവുമുണ്ട്. മഹാരാഷ്ട്ര ടീമില്‍ മലയാളി താരങ്ങളായ അഖില എം. ബെന്നി, കെ. അശ്വനി, സി.സി. ആതിര, ഇ. ലിന്‍സി, എന്‍.എം. ബിന്‍സി എന്നിവര്‍ കളത്തിലിറങ്ങി. 

തമിഴ്‌നാടിന്റെ പുരുഷ ടീമില്‍ പാലക്കാട്ടുകാരന്‍ എം.എ. അഭിലാഷ് കളിക്കുമ്പോള്‍ പശ്ചിമ ബംഗാളിനായി വി.പി. മിര്‍ഷാദ്, പി. കിരണ്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പന്ത് തട്ടി. കേരള പുരുഷ ടീമിന്റെ പരിശീലകനായ കെ. അബ്ദുള്‍നാസറിന്റെ പിതാവിന്റെ സഹോദര പുത്രനാണ് ഇക്ബാല്‍. 

ഇതിന് വിപരീതമായി കേരളത്തിന് വേണ്ടി ഇതരസംസ്ഥാനകാരും ജേഴ്‌സി അണിയുന്നുണ്ട്. കേരള പുരുഷ ടീമിന്റെ ക്യാപ്റ്റന്‍ ജെറോ വിനീതും സെറ്റര്‍ മുത്തുസാമിയും തമിഴ്‌നാട് സ്വദേശികളാണ്. സ്വന്തം സംസ്ഥാനത്തെ മറന്ന് ജേഴ്‌സി അണിഞ്ഞ ടീമിന് വേണ്ടി പോയന്റ് നേടുകയെന്നതാണ് ഇവരുടെ ലക്ഷ്യം. എതിരാളിയായി മറുകളത്തില്‍ സ്വന്തം സംസ്ഥാനമാണെങ്കിലും ഇവര്‍ക്ക് പ്രശ്‌നമാകാറില്ല. കാരണം വോളിബോള്‍ എന്ന വികാരത്തിന് മുന്‍പില്‍ മറ്റെല്ലാം മറന്ന് ഒറ്റമനസായി അവര്‍ പോരാടുകയാണ്, വിജയം മാത്രമാണ് ലക്ഷ്യം. 

 

loader