വിജയ് ഹസാരെ ട്രോഫിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ജാര്‍ഖണ്ഡിന്റെ ഇടംകൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീം. രാജസ്ഥാനെതിരായ മത്സരത്തില്‍ 10 ഓവറില്‍ 10 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ നദീം ഏകദിന മത്സരങ്ങളിലെ(ലിസ്റ്റ്-എ) ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായി.

ചെന്നൈ: വിജയ് ഹസാരെ ട്രോഫിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ജാര്‍ഖണ്ഡിന്റെ ഇടംകൈയന്‍ സ്പിന്നര്‍ ഷഹബാസ് നദീം. രാജസ്ഥാനെതിരായ മത്സരത്തില്‍ 10 ഓവറില്‍ 10 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തിയ നദീം ഏകദിന മത്സരങ്ങളിലെ(ലിസ്റ്റ്-എ) ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായി.

നദീമിന് മുന്നില്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ 28.3 ഓവറില്‍ 73 റണ്‍സിന് ഓള്‍ ഔട്ടായി. 1997-98 സീസണില്‍ ഡല്‍ഹിയുടെ രാഹുല്‍ സംഗ്‌വി 15 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത റെക്കോര്‍ഡാണ് നദീം തിരുത്തിയെഴുതിയത്. 2001-2002ല്‍ സിംബാബ്‌വെയ്ക്കെതിരായ ഏകദി 19 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത ശ്രീലങ്കയുടെ ചാമിന്ദ വാസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ആദ്യ 10 ഓവറില്‍ ഓപ്പണര്‍മാര്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമായിരുന്നു രാജസ്ഥാന്റെ കൂട്ടത്തകര്‍ച്ച. രാജസ്ഥാന്റെ ആദ്യ എട്ടു വിക്കറ്റുകളും നദീം സ്വന്തമാക്കിയതോടെ പത്തില്‍ പത്തു വിക്കറ്റും നേടുകയെന്ന അപൂര്‍വ അവസരം ഒരുങ്ങിയെങ്കിലും മറ്റൊരു ഇടംകൈയന്‍ സ്പിന്നറായ അനുകുല്‍ റോയ് ഒമ്പതാം വിക്കറ്റ് വീഴ്ത്തിയതോടെ ആ നേട്ടം നഷ്ടമായി.