ലാഹോര്‍: ലോകത്ത് ഇപ്പോള്‍ കളിക്കുന്നതില്‍ ഏറ്റവും ആരാധകരുള്ള താരം ആരാണ്. സംശയമൊന്നും കാണില്ല വീരാട് കോലി തന്നെ. അടുത്തിടെ പാക്കിസ്ഥാനിൽ നടത്തിയ ലോക ഇലവൻ ക്രിക്കറ്റ് മത്സരത്തിൽ കോലിയില്ലാത്തതില് പാക് ആരാധകര്‍ പ്രകടിപ്പിച്ച വിഷമം അത്രയുമാണ്. ഈ വിഷമം പ്ലക്കാർഡുകളിലെഴുതിയും സന്ദേശങ്ങൾ കൈമാറിയുമാണ് ആരാധകർ പ്രകടിപ്പിച്ചത്.
ഇപ്പൊഴിതാ കോഹ്ലിയുടെ ആരാധകനായ ഒരു പാക്കിസ്ഥാനി പോലീസുദ്യോഗസ്ഥന്റെ വിവാഹാഭ്യർഥന വൈറലായി മാറുകയാണ്. "കോഹ്ലീ എന്നെ വിവാഹം കഴിക്കൂ..' എന്ന് എഴുതിയ പ്ലക്കാർഡുമായാണ് അദ്ദേഹം ലോക ഇലവൻ- പാക്കിസ്ഥാൻ മത്സരം നടന്ന സ്റ്റേഡിയത്തിൽ ഡ്യൂട്ടി ചെയ്തത്.
അതേസമയം, പ്ലക്കാർഡിലെ വാക്കുകൾ എഴുതിയത് പോലീസുദ്യോഗസ്ഥൻ തന്നെയാണോ എന്നത് വ്യക്തമല്ല. മത്സരത്തിന്റെ ഫൈനൽ ദിനത്തിലാണ് ഈ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത്. ട്വിറ്ററില്‍ ഈ പോസ്റ്റര്‍ വൈറലായതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതേ സമയം സംഭവത്തില്‍ കോലി പ്രതികരിക്കുമോ എന്നാണ് ഓണ്‍ലൈന്‍ സമൂഹം ഉറ്റുനോക്കുന്നത്.
