പാക് ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയാണ് മൊഹമ്മദ് ആമിർ. ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ ആമിറിന്റെ പന്തുകൾ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത് നമ്മൾ കണ്ടതാണല്ലോ. ഇപ്പോഴിതാ, ഇന്ത്യൻ നായകൻ വിരാട് കോലിയെ വാനോളം പുകഴ്‌ത്തി ആമിർ രംഗത്തുവന്നിരിക്കുന്നു. എന്നാൽ കോലിയെ പുകഴ്‌ത്തുമ്പോഴും മറ്റ് ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരെ വിലകൽപ്പിക്കാതിരിക്കാനും ആമിർ ശ്രമിക്കുന്നു. കോലിയെ പെട്ടെന്ന് പുറത്താക്കിയാൽ കളിയിൽ ഇന്ത്യ 50 ശതമാനം തോറ്റുവെന്ന് ഉറപ്പിക്കാമെന്നാണ് ആമിർ പറയുന്നത്. ഇഎസ്‌പിഎൻ ക്രിക്കിൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ ഇന്ത്യൻ ടീമിനെ വിലയിരുത്തിയത്. കോലി ക്രീസിൽ നിലയുറപ്പിച്ചാൽ ഇന്ത്യയുടെ വിജയസാധ്യത 80 ശതമാനം വരെ ഉയരുമെന്നും ആമി‍ർ പറയുന്നു. രണ്ടാമത് ബാറ്റുചെയ്യുമ്പോൾ കോലിയുടെ മികവ് ഏറെ ശ്രദ്ധേയമാണെന്നും, ഇക്കാര്യത്തിൽ ഏറ്റവും മികച്ചവൻ കോലിയാണെന്നും ആമിർ പറയുന്നു. കടുത്ത സമ്മ‍ർദ്ദത്തിനിടയിലും നന്നായി ബാറ്റുചെയ്യാൻ കോലിയ്‌ക്ക് കഴിയാറുണ്ടെന്ന് ആമിർ ചൂണ്ടിക്കാട്ടുന്നു. തിരിച്ച് കോലിയും ആമിറിനെക്കുറിച്ച് ഏറെ ആദരവോടെയാണ് സംസാരിക്കാറുള്ളത്. മുമ്പ് ഒരു അഭിമുഖത്തിൽ ഒരിടവേളയ്‌ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ആമിറിനെ കോലി നന്നായി പുകഴ്‌ത്തിയിരുന്നു. അതേസമയം ചാംപ്യൻസ് ട്രോഫിയില്‍ കോലി-ആമിർ പോരാട്ടത്തിൽ ആമിറിനായിരുന്നു വിജയം. അന്ന് കോലി ഉൾപ്പെട്ട ഇന്ത്യൻ മുൻനിരയെ കടപുഴക്കിയെറിയാൻ ആമിറിന് സാധിച്ചിരുന്നു.