വെസ്റ്റിന്‍ഡീസിനെതിരെ 31 പന്തില്‍ ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയ സെഞ്ചുറിയാണ് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ എന്ന വിശേഷണവുമായി എബി ഡിവില്ലേഴ്സ് അടുത്തിടെയാണ് വിരമിച്ചത്. എബിഡി എന്ന ചുരുക്കപ്പെരില്‍ അറിയപ്പെടുന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് എന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം 360 ഡിഗ്രിയില്‍ കറങ്ങിനിന്ന് മാസ്മരിക പ്രകടനങ്ങളായിരുന്നു ക്രിക്കറ്റ് ലോകത്ത് കാട്ടിയത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും എബിഡി ഇനി ക്രീസിലില്ലെന്നത് ആരാധകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അടുത്ത ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ താരം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയിലാണ് അവര്‍.

അതിനിടയിലാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും വേഗമേറിയ എബിഡിയുടെ സെഞ്ചുറിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സഹതാരം ഡെയ്ല്‍ സ്റ്റെയിന്‍ രംഗത്തെത്തിയത്. കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 31 പന്തില്‍ ഡിവില്ലിയേഴ്സ് നേടിയ സെഞ്ചുറിയാണ് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുളളത്. 2015 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലെ ന്യൂ വാന്‍ഡേഴ്സ് സ്റ്റേഡിയത്തിലാണ് എബിഡിയുടെ വിശ്വവിഖ്യാതമായ സെഞ്ചുറി പിറന്നത്.

റെക്കോര്‍ഡുകള്‍ കടപുഴക്കിയ ഇന്നിംഗ്സ് പിറക്കുന്നതിന് മുമ്പ് ഡിവില്ലിയേഴ്സ് മൂക്കും കുത്തി വീണെന്നാണ് സ്റ്റെയിന്‍ വെളിപ്പെടുത്തുന്നത്. ഡ്രസിംഗ് റൂമിന് സമീത്തുള്ള സ്റ്റെപ്പില്‍ മുഖം ഇടിച്ചായിരുന്നു എബിഡിയുടെ വീഴ്ച. പെട്ടന്നുള്ള വീഴ്ച അദ്ദേഹത്തെയും മറ്റുള്ളവരെയും ഒരുപോലെ ഞെട്ടിച്ചു. ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മികച്ച നിലയില്‍ മുന്നേറുകയായിരുന്നു. ആദ്യ വിക്കറ്റ് വീണാല്‍ ഇറങ്ങേണ്ടത് ഡിവില്ലിയേഴ്സ് ആണെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഡിവില്ലിയേഴ്സ് അടുത്ത് ഇറങ്ങാനാകില്ലെന്ന് പരിശീലകനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ സെഞ്ചുറി നേടിയ റോസോവ് പുറത്തായപ്പോള്‍ പരിശീലകന്‍ ഡിവില്ലിയേഴ്സ് ബാറ്റിംഗിനിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഴ്ചയുടെ ക്ഷീണമൊന്നും പുറത്തുകാട്ടാതെ അദ്ദേഹം ക്രിസിലിറങ്ങി. പിന്നീടെല്ലാം ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളായിരുന്നു. 39 ാം ഓവറില്‍ കളത്തിലെത്തിയ എബിഡി ഏകദിന ക്രിക്കറ്റിനെ അത്ഭുതപ്പെടുത്തി 31 പന്തില്‍ സെഞ്ചുറി കുറിച്ച് മുന്നേറി. ഏകദിന ക്രിക്കറ്റ് ജീവിതത്തിലെ 177 ാം മത്സരത്തില്‍ 149 റണ്‍സ് നേടിയാണ് പുറത്തായത്.

ഡിവില്ലേഴ്സിന്‍റെ റെക്കോര്‍ഡ് സെഞ്ചുറി കാണാം