ജൊഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ ഏകദിന-ടി20 പരമ്പര സ്വന്തമാക്കിയത്. അതേസമയം ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് ആതിഥേയര്‍ക്ക് തിളങ്ങാനായത്. ഏകദിനം 5-1നും ടി20 പരമ്പര 2-1നുമാണ് ഇന്ത്യന്‍ സംഘം വിജയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കിട്ടാക്കനിയായിരുന്ന വിജയം കൊയ്ത ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എ.ബി ഡിവിലിയേഴ്‌സ്. 

ദക്ഷിണാഫ്രിക്ക പരമാവധി പൊരുതി നോക്കി, എന്നാല്‍ മികച്ച രീതിയില്‍ കളിച്ച ഇന്ത്യ അര്‍ഹിച്ച വിജയം സ്വന്തമാക്കി- ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം പറയുന്നു. പരമ്പരയ്ക്കിടെ ഡിവിലിയേഴ്‌സ്, ഡുപ്ലസിസി തുടങ്ങിയ താരങ്ങള്‍ക്ക് പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു. ടി20 പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കേറ്റ എബിഡിക്ക് മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. 

മാര്‍ച്ച് ഒന്നിന് ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് എബിഡിയും ദക്ഷിണാഫ്രിക്കയും. അതേസമയം ശ്രീലങ്ക, ബംഗ്ലാദേശും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സംഘം. മാര്‍ച്ച് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ത്രിരാഷ്ട്ര ടി20 ആരംഭിക്കുന്നത്.