ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിനപരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സിന് പരുക്കേറ്റതാണ് അതിഥേയര്‍ക്ക് തിരിച്ചടിയാകുന്നത്. കൈവിരലിനേറ്റ പരുക്ക് കാരണം ഡിവില്ലിയേഴ്സ് ആദ്യത്തെ മൂന്നു ഏകദിനങ്ങളില്‍ കളിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദക്ഷിണാഫ്രിക്ക ഡിവില്ലിയേഴ്സിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്കെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ വലത്തേ കയ്യിലെ ചൂണ്ടുവിരലിന് പരുക്കേറ്റ ഡിവില്ലിയേഴ്സിന് ഇത് ഭേദമാവാന്‍ രണ്ടാഴ്ച്ചകളെടുക്കും,’ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാധ്യമങ്ങളെ അറിയിച്ചു. ഡിവില്ലിയേഴ്സിന്റെ പരുക്ക് നാലാം ഏകദിനത്തിന് മുമ്പായി ഭേദമാവുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സെലക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.എ ബി ഡിയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാത്തതും അതുകൊണ്ടുതന്നെയാണ്. 

ആറ് ഏകദിനമത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യമത്സരം നടക്കുന്നത് ഫെബ്രുവരി ഒന്നിനാണ്. നേരത്തെ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കി പകരം വീട്ടുകയായിരിക്കും ലക്ഷ്യം