ഡര്‍ബന്‍: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലേഴ്‌സ് കളിക്കില്ല. വിരലിനു പരിക്കേറ്റതിനെ തുടര്‍ന്നാണ് മുന്‍ നായകന്‍റെ പിന്‍മാറ്റം. എന്നാല്‍ ഡിവില്ലേഴ്‌സിനെ പകരക്കാരനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി നാലിന് ഡര്‍ബനിലാണ് ആദ്യ ഏകദിനം നടക്കുന്നത്.
ജൊഹന്നസ്ബര്‍ഗില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കോലിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കില്‍ നിന്ന് മുക്തമാകാന്‍ രണ്ട് ആഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള എബിഡി 29 ഏകദിനത്തില്‍ 51.80 ശരാശരിയില്‍ 1295 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ ആറ് സെഞ്ചുറികളും അഞ്ച് അര്‍ദ്ധ സെഞ്ചുറികളുമുള്ള താരത്തിന്‍റെ അഭാവം ദക്ഷിണാഫ്രിയ്ക്ക് തിരിച്ചടിയാകുമെന്നുറപ്പ്.
