ഹൊബാര്‍ട്ട്: ക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജാക്കന്‍മാരായിരുന്ന ഓസ്‌ട്രേലിയ നാണക്കേടിന്റെ പടുകുഴിയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലും ഓസ്‌ട്രേലിയയ്ക്ക് നാണംകെട്ട തോല്‍വി. ഒരു ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 161 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ടിന് 121 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. ആറു വിക്കറ്റെടുത്ത കെയ്ല്‍ ആബോട്ടും നാലു വിക്കറ്റെടുത്ത കാഗിസോ റബാഡയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ കഥ കഴിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത ആബോട്ടിന്റെ വിക്കറ്റ് നേട്ടം ഇതോടെ പത്തായി. കെയ്ല്‍ ആബോട്ട് തന്നെയാണ് മല്‍സരത്തിലെ കേമനും. 64 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവ്‌ജയും 45 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 31 റണ‍്സെടുത്ത സ്റ്റീവന്‍ സ്‌മിത്തിനുമൊഴികെ മറ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങാനായില്ല.
പരമ്പരയിലെ മൂന്നാമത്തെ മല്‍സരം നവംബര്‍ 24 മുതല്‍ 28 വരെ അഡ്‌ലെയ്‌ഡില്‍ നടക്കും. ഡേ നൈറ്റ് മല്‍സരമായാണ് മൂന്നാം ടെസ്റ്റ് അരങ്ങേറുന്നത്.
