ജിറോണ: ലോകഫുട്ബോളിലെ ടാലന്‍റ് ഫാക്ടറികളിലൊന്നാണ് കറ്റാലന്‍ ക്ലബ് ബാഴ്‌സിലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയ. ലിയോണല്‍ മെസി, ആന്ദ്ര ഇനിയസ്റ്റ, സാവി ഫെര്‍ണാണ്ടസ്, ജെറാള്‍ഡ് പിക്വേ, വിക്ടര്‍ വാല്‍ഡസ്, സെസ് ഫാബ്രിഗസ്, പെപ് ഗാര്‍ഡിയോള തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ലാ മാസിയയുടെ സംഭാവനയാണ്. സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ പിന്‍ഗാമിയാരെന്ന ചേദ്യത്തിന് ലാ മാസിയയില്‍ നിന്ന് ഉത്തരം ലഭിച്ചുകഴിഞ്ഞു.
കൗമാരലോകകപ്പില്‍ മികവ് തെളിയിച്ച സ്‌പെയിന്‍ അണ്ടര്‍ 17 നായകന്‍ ആബേല്‍ റൂയിസാണ് ലാ മാസിയയുടെ പുത്തന്‍ താരോദയം. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആറ് ഗോളുകളാണ് റൂയിസ് നേടിയത്. ബാഴ്‌സിലോണയുടെ ബി ടിമിലെ പ്രായം കുറഞ്ഞ താരമായ ആറടി ഉയരക്കാരനായ ആബേല്‍ റൂയിസ് മികച്ച ഫിനിഷറും ഹെഡര്‍ വിദഗ്ധനുമാണ്. ദേശീയ ടീമിനായി 37 മത്സരങ്ങളില്‍ നിന്ന് 27 തവണ ആബേല്‍ റൂയിസ് വലകുലുക്കിയിട്ടുണ്ട്.
എന്നാല്‍ ബാഴ്‌സിലോണയുടെ ഭാവിവാഗ്ദാനമായ റൂയിസ് ക്ലബില്‍ തുടരുമോയെന്ന് കാത്തിരുന്നു കാണണം. സ്‌പാനിഷ് സൂപ്പര്‍താരത്തെ ടീമിലെത്തിക്കാന്‍ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും സജീവമായി രംഗത്തുണ്ട്. ബാഴ്‌സിലോണയിലെ ലെസ് കോര്‍ട്ട്‌സില്‍ ക്യാമ്പ് ന്യൂവിന് അടുത്താണ് ലാ മാസിയ യൂത്ത് അക്കാദമി. നെതര്‍ലന്‍റ് ഇതിഹാസം ജെഹാന്‍ ക്രൈഫ് ബാഴ്‌സിലോണയുടെ പരിശീലകനായിരുന്നപ്പോളാണ് ലാ മാസിയ അക്കാദമി സ്ഥാപിച്ചത്.
