ദില്ലി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് മണിക്കൂറുകളായില്ല. അടുത്ത ആഴ്ച ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നുവെന്നും ഇറ്റലിയിലെ മിലാനിലാണ് വിവാഹമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് ബുക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ചടങ്ങില്‍ ക്രിക്കറ്റ് താരങ്ങളോ ചലച്ചിത്ര പ്രവര്‍ത്തകരോ പങ്കെടുക്കില്ല. ഇവര്‍ക്കായി ഇന്ത്യയില്‍ വിരുന്നൊരുക്കുമെന്നാണ് പുറത്തുവന്ന വിവരം. 

​ഇരുവരുടെയും പ്രണയം ഏറ്റെടുത്ത ആരാധകര്‍ ഇവരുടെ വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്‌കയുടെ മാനേജര്‍ രംഗത്തെത്തി. വാര്‍ത്ത വ്യാജമാണെന്നും ഇരുവരുടെയും വിവാഹം നിശ്ചയിച്ചിട്ടില്ലെന്നും മാനേജര്‍ വ്യക്തമാക്കി. അതേസമയം സൗത്ത് ആഫ്രിക്കന്‍ ടൂറില്‍ പങ്കെടുക്കാന്‍ കോലി വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. 

ഇരുവരുടെയും പ്രണയവും വിരഹവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ആരാധകര്‍ ഇരുവരെയും ചേര്‍ത്ത് വിരുഷ്‌ക എന്ന് വരെ വിളിച്ചു തുടങ്ങി. 2015 ല്‍ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അനുഷ്‌കയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയവരെ നേരിട്ട് കോലി തന്നെ രംഗത്തെത്തി. സഹീര്‍ ഖാന്റെയും സാഗരികയുടെയും വിവാഹത്തിനെത്തിയ ഇരുവരുടെയും നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.