ലണ്ടന്‍: ടി20യിലെ ആദ്യ സെഞ്ചുറി നേട്ടം ആഘോഷമാക്കി ആഡം ലിത്ത്. 73 പന്തില്‍ 20 ബൗണ്ടറികളും 7 സിക്സുകളുമടക്കം 161 റണ്‍സാണ് ആഡം ലിത്ത് നേടിയത്. ഇതോടെ ടി20യിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും ലിത്തിന്‍റെ പേരിലായി. നാറ്റ് വെസ്റ്റ് ടി20യില്‍ നോര്‍ത്താംപ്റ്റണെതിരെയാണ് യോര്‍ക്ഷൈര്‍ താരത്തിന്‍റെ നേട്ടം.
175 റണ്‍സ് നേടിയ ക്രിസ് ഗെയിലും 162 റണ്‍സ് നേടിയ ഹാമിള്‍ട്ടണ്‍ മസാക്കഡസയുമാണ് ലിന്നിനു മുന്നില്‍. ടി20യിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം സ്കോര്‍ കൂടിയാണ് യോര്‍ക്ഷൈറിന്‍റെത്. 263 റണ്‍സ് വീതം നേടിയ ഓസ്ട്രേലിയയും ബംഗളുരു റോയല്‍ ചലഞ്ചേഴിസുമാണ് ആദ്യ സ്ഥാനങ്ങളില്‍.
സെഞ്ചുറി നേടിയ ലിത്തിന്‍റെ മികവില്‍ യോര്‍ക്ഷൈര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ ലിത്തും ഡേവിഡ് വില്ലിയും ചേര്‍ന്ന് 127 റണ്‍സ് കുറിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ 136 റണ്‍സിന് പുറത്തായി. 19 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ അസീം റഫീദാണ് നോര്‍ത്താംപ്റ്റണിനെ തകര്‍ത്തത്.
