ദില്ലി: ഇന്ത്യൻ ഓപ്പൺ കിരീടം നേടിയ ഇന്ത്യൻ ഗോൾഫ് താരം അദിതി അശോകിന് ചരിത്ര നേട്ടം. ലേഡീസ് യൂറോപ്യൻ ടൂർ നേടുന്ന ആദ്യ ഇന്ത്യൻ ഗോൾഫ് താരമെന്ന റെക്കോഡാണ് അദിതി സ്വന്തമാക്കിയത്. ഒമ്പതാം സ്‌ഥാനത്ത് മത്സരം തുടങ്ങിയ അദിതി 17–മത്തെ ഹോളിന് ശേഷം രണ്ടാം സ്‌ഥാനത്തെത്തി. 

അവസാന ഹോളിൽ മികച്ച പ്രകടനത്തോടെ കിരീടവും സ്വന്തമാക്കി. പിന്നിന് മൂന്ന് അടി അകലെ വീണ പന്ത് അദിതി കൃത്യമായി ഹോളിലെത്തിക്കുകയായിരുന്നു. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും 72 പോയിന്‍റ് നേടിയ അദിതി രണ്ടാം റൗണ്ടിൽ 69 പോയിന്റും നേടി. അമേരിക്കയുടെ ബ്രിട്ടനി ലിൻസികോം രണ്ടാതും സ്പാനിഷ് താരം ബെലെൻ മോസോ മൂന്നാം സ്‌ഥാനത്തുമെത്തി.