ദില്ലി: എഎഫ്‌സി ഏഷ്യന്‍കപ്പിനുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധക്കോട്ട അനസ് എടത്തൊടിക, പുനെ സിറ്റിയുടെ മധ്യനിര എഞ്ചിന്‍ ആഷിഖ് കരുണിയന്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന്‍, മധ്യനിരതാരം ഹാളിചരണ്‍ നര്‍സാരി എന്നിവരും ടീമിലുണ്ട്.

ബെംഗളൂരു എഫ്‌സി നായകന്‍സുനില്‍ ഛേത്രി, ചെന്നൈയിന്‍ എഫ്‌സിയുടെ ജെജെ ലാല്‍പെഖുല, ജെംഷഡ്പൂരിന്‍റെ സുമീത് പാസി, എടികെയുടെ ബല്‍വന്ത് സിംഗ് എന്നിവരാണ് ടീമിലെ മുന്നേറ്റതാരങ്ങള്‍. ബെംഗളൂരുവിന്‍റെ ഗുര്‍പ്രീത് സിംഗ്, മുംബൈ സിറ്റിയുടെ അമിരീന്ദര്‍ സിംഗ്, പുനെ സിറ്റിയുടെ വിശാല്‍ കെയ്‌ത്ത് എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍.

മധ്യനിരയില്‍ ബെംഗളൂരുവിന്‍റെ ഉദാന്ത സിംഗ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ റൗളിന്‍ ബോര്‍ഗസ്, ചെന്നൈയിന്‍ താരങ്ങളായ അനിരുദ്ധ് ഥാപ്പ, ഗെര്‍മന്‍പ്രീത് സിംഗ് ഡൈനമോസിന്‍റെ വിനീത് റായ്, ഗോവയുടെ ജാക്കിചന്ദ് സിംഗ്, എടികെയുടെ പ്രണായി എന്നീ താരങ്ങളാണ് ആഷിഖിനും നര്‍സാരിക്കും കൂട്ടായുള്ളത്.

പ്രതിരോധത്തില്‍ ജിംഗാനെയും അനസിനെയും കൂടാതെ എടികെയുടെ പ്രീതം കോട്ടാല്‍, പുനെയുടെ സാര്‍ത്ഥക്, ഈസ്റ്റ് ബംഗാളിന്‍റെ സലാം രഞ്ജന്‍, മുംബൈ സിറ്റിയുടെ സുബാശിഷ് ബോസ്, ഡൈനമോസിന്‍റെ നാരായണന്‍ ദാസ് എന്നിവരാണ് 23 അംഗ ടീമില്‍ ഇടംപിടിച്ചത്.