ദില്ലി: എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സി.കെ.വിനീതിനെ ഒഴിവാക്കി. മ്യാന്‍മറിനെതിരായ പോരാട്ടത്തിനുള്ള ടീമില്‍ നിന്നാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ വിനീതിനെ ഒഴിവാക്കിയത്. 2019ല്‍ നടക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യ നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നതിനാല്‍ മത്സരം ഇന്ത്യക്ക് നിര്‍ണായകമല്ല.

കഴിഞ്ഞ മത്സരത്തില്‍ മക്കാവുവിനെ തകര്‍ത്താണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിത്. മ്യാന്‍മറിനെതിരെ അടക്കം ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ കൂടി യോഗ്യതാ റൗണ്ടില്‍ ബാക്കിയുണ്ട്. മക്കാവുവിനെതിരെ കളിച്ച ടീമില്‍ വിനീത് ഉണ്ടായിരുന്നെങ്കിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. വിനീതിന് പുറമെ മധ്യനിരയില്‍ റോബിന്‍ സിംഗ്, നിഷു കുമാര്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പ്രോണയ് ഹാല്‍ദര്‍ ടീമില്‍ തിരിച്ചെത്തി.

സുനില്‍ ഛേത്രി, ബല്‍വന്ത് സിംഗ്, ജെജെ ലാല്‍പെഖുലെ, ഹിതേഷ് ശര്‍മ, അലന്‍ ഡിയോറി എന്നിവരാണ് മ്യാമറിനെതിരായ മത്സരത്തില്‍ സ്ട്രൈക്കര്‍മാരായി ടീമിലുള്ളത്. നവംബര്‍ 14ന് ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തിലാണ് മ്യാമറിനെതിരായ മത്സരം. വിനീതിനെ തഴഞ്ഞതിനെതിരെ ഫേസ്ബുക്കിലൂടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജില്‍ ടീം സെലക്ഷന്‍ സംബന്ധിച്ച വാര്‍ത്തയ്ക്കുതാഴെയാണ് വിനീതിനെ ഒഴിവാക്കിതയിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചത്.