ക്രൈസ്റ്റ്ചർച്ച്: ആതിതഥേയരായ ന്യൂസിലന്‍ഡിനെ അവരുടെ സ്വന്തം നാട്ടില്‍ തരിപ്പണമാക്കി അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍.ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 309 റൺസെടുത്തപ്പോൾ സന്ദർശകരുടെ സ്പിൻ കെണിയിൽ കുരുങ്ങിയ ന്യൂസീലൻഡ് 28.1 ഓവറിൽ 107 റൺസിന് പുറത്തായി. കരുത്തരായ ഓസ്ട്രേലിയയാണ് സെമിയിൽ അഫ്ഗാന്റെ എതിരാളികൾ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനുവേണ്ടി ഓപ്പണിംഗ് വിക്കറ്റിൽ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സർദ്രാനും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. അർധസെഞ്ചുറി നേടിയ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 17 റൺസ് അടിച്ചെടുത്തു. 67 പന്തിൽ 69 റണ്‍സുമായി ഗുർബാസും 98 പന്തിൽ 68 റൺസുമായി സദ്രാനും കൂടാരം കയറിയെങ്കിലും അർധസെ‍ഞ്ചുറി നേടിയ ബാഹിർ ഷാ (72 പന്തിൽ പുറത്താകാതെ 67), അസ്മത്തുല്ല ഒമർസായ് (23 പന്തിൽ 66) എന്നിവർ ചേർന്ന് അഫ്ഗാന്റെ സ്കോർ 300 കടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ഒരിക്കൽപ്പോലും വിജയപ്രതീക്ഷ ഉയർത്താനായില്ല. സ്കോർ ബോർഡിൽ കേവലം രണ്ടു റൺസ് ഉള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ അവർക്ക് പിന്നീടൊരിക്കലും മൽസരത്തിലേക്ക് തിരിച്ചുവരാനുമായില്ല. 56 പന്തിൽ 38 റൺസെടുത്ത ക്ലാർക്കാണ് അവരുടെ ടോപ് സ്കോറർ. ഫിലിപ്സ് 31 റൺസെടുത്തു. ഇവർക്കു പുറമെ കിവീസ് നിരയിൽ രണ്ടക്കം കടക്കാനായത് അലൻ (16 പന്തിൽ 13), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാക്സ് ചു (23 പന്തിൽ 13) എന്നിവർക്കു മാത്രം. അഫ്ഗാനിസ്ഥാനായി മുജീബ് സദ്രാൻ, ഖായിസ് അഹമ്മദ് എന്നിവർ നാലു വിക്കറ്റ് വീതം വീഴ്ത്തി.