പഴങ്കഥയായത് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ്

ഹറാരേ: പാക്കിസ്ഥാന്‍ ഇതിഹാസം ഷാഹിദ് അഫ്രിദിയുടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന്‍ കൗമാര സ്‌പിന്‍ വിസ്മയം മുജീബ് സദ്രാന്‍. പതിനേഴ് വയസ് തികയുന്നതിന് മുമ്പ് ഏകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ്(3) മുജീബ് സ്വന്തമാക്കിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെസ്റ്റിന്‍ഡിസിനെതിരെയാണ് മുജീബ് സദ്രാന്‍റെ നേട്ടം.

രണ്ട് മാന്‍ ഓഫ് മാച്ച് പുരസ്കാരങ്ങള്‍ നേടിയ അഫ്രിദിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇരുവരും മാത്രമാണ് 17 വയസ് തികയുന്നതിന് മുമ്പ് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിട്ടുള്ള താരങ്ങള്‍. മത്സരത്തില്‍ 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് കൗമാര താരം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് മുന്നോട്ട് വെച്ച 198 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ 47.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 

റാഷിദ് ഖാന്‍ ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സ്‌പിന്‍ വിസ്‌മയമായാണ് മുജീബ് സദ്രാന്‍ അറിയപ്പെടുന്നത്. ഏകദിനത്തില്‍ 2017 ഡിസംബറില്‍ അയര്‍ലന്‍റിനെതിരെയായിരുന്നു സദ്രാന്‍റെ അരങ്ങേറ്റം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഏക താരമായ മുജീബ് സദ്രാന് 12 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്‍.