മുന്നറിയിപ്പാണ് അഫ്ഗാന്‍ ഇന്ത്യക്ക് നല്‍കുന്നത്.

ലോക ക്രിക്കറ്റിലെ പുതുശക്തികളായി അഫ്ഗാനിസ്ഥാന്‍ ഉദിച്ചുയരുകയാണ്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനായി അഫ്ഗാന്‍ ഇന്ത്യയിലേക്ക് എത്തുകയാണ്. ക്രിക്കറ്റിലെ ശിശുക്കളാണെന്ന വിലയിരുത്തലുമായി തങ്ങളെ സമീപിക്കരുതെന്ന മുന്നറിയിപ്പാണ് അഫ്ഗാന്‍ ഇന്ത്യക്ക് നല്‍കുന്നത്. ബംഗ്ലാദേശിനെതിരായ ടി20യിലെ അഫ്ഗാന്‍റെ പ്രകടനം അതാണ് വിളിച്ചുപറയുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ കടുവകളെ അഫ്ഗാന്‍ നാണംകെടുത്തി. 45 റണ്‍സിന്‍റെ ഉജ്ജ്വല ജയമാണ് അവര്‍ പിടിച്ചെടുത്തത്. ക്രിക്കറ്റ് ലോകത്തെ അത്ഭുതബാലന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിക്കഴിഞ്ഞ റാഷിദ്ഖാന്‍റെ കറങ്ങുന്ന പന്തുകള്‍ക്ക് മുന്നിലാണ് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാര്‍ വട്ടംകറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ബംഗ്ലാദേശിന്‍റെ മറുപടി ബാറ്റിംഗ് 19 ഓവറില്‍ 122 റണ്‍സില്‍ അവസാനിച്ചു. മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് കളിയിലെ താരം.

30 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിന്‍റെ തോല്‍വിയുടെ ഭാരം കുറച്ചത്. റാഷിദിന് പുറമെ ഷപൂര്‍ സദ്‌റാനും മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി മുഹമ്മദ് ഷഹ്‌സാദ് 40ഉം സാമിയുള്ള ഷെന്‍വാരി 36 റണ്‍സും നേടി. എട്ട് പന്തില്‍ 24 റണ്‍സെടുത്ത ഷഫീഖുള്ള ഷഫീഖിന്റെ പ്രകടനവും അഫ്ഗാന് തുണയായി. പരമ്പരയിലെ രണ്ടാം പോരാട്ടം നാളെ നടക്കും.