കാബൂള്‍: ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി അഫ്ഗാനിസ്ഥാന്‍ ദേശീയ താരം ഷെഫീഖുളള ഷഫീഖ്. അഫ്ഗാനിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 71 പന്തില്‍ 21 സിക്‌സും 16 ഫോറും സഹിതം 214 റണ്‍സാണ് ഷെഫീഖ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഡോട്ട് എയു പോലുളള പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റുകളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാനില്‍ വെച്ച് നടക്കുന്ന പാരഗണ്‍ നന്‍ഗ്രാഹ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഷെഫീഖ് തകര്‍പ്പന്‍ വെടിക്കെട്ട് പുറത്തെടുത്തത്. ഷെഫീഖിന്റെ മികവില്‍ അദ്ദേഹത്തിന്റെ ടീമായ ഖത്തീസ് ക്രിക്കറ്റ് അകാഡമി 20 ഓവറില്‍ 351 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഷെഫീഖിനെ കൂടാതെ മറ്റൊരു താരം വഹാദുല്ല 31 പന്തില്‍ 81 റണ്‍സും എടുത്തു.
മറുപടി ബാറ്റിംഗിനങ്ങിയ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് 107 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 244 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഖത്തീസ് സ്വന്തമാക്കിയത്. ഒരു ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 2012 മുതല്‍ അഫ്ഗാന്‍ ടീമിലെ സ്ഥിര സാന്നിദ്ധമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഷെഫീഖ്.
