ചണ്ഡീഗഡ്: വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തച്ചുടച്ച ഇന്നിംഗ്സിലൂടെ രാജ്യത്തിന്റെ അഭിമാനമായ ഹര്‍മന്‍പ്രീത് കൗറിനെക്കുറിച്ച് അമ്മയുടെ ഹൃദയം തൊടുന്ന സന്ദേശം. പെണ്‍കുട്ടികളെ ശാക്തീകരിക്കണം, എന്റെ മകള്‍ക്ക് അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എങ്ങനെയാണോ അവസരം ലഭിച്ചത് അതുപോലെ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കണം. അല്ലാതെ അവരെ ഗര്‍ഭപാത്രത്തില്‍വെച്ചുതന്നെ കൊല്ലുകയല്ല വേണ്ടത്. എന്റെ മകള്‍ രാജ്യത്തിന്റെ അഭിമാനമായതുപോലെ മറ്റു പെണ്‍കുട്ടികളെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം-ഹര്‍മന്റെ അമ്മ സതീന്ദര്‍ കൗര്‍ പറഞ്ഞു.

ഇന്നലെ ഹര്‍മന്റെ ജന്മനാടായ പഞ്ചാബിലെ മോഗ ഉത്സവലഹരിയിലായിരുന്നു. നാടിന്റെ പ്രിയപ്പെട്ടവള്‍ ക്രീസില്‍ നിറഞ്ഞാടിയത് നാട്ടുകാര്‍ ശരിക്കും ആഘോഷമാക്കി. കുടംബാംഗങ്ങള്‍ മധുരം വിതരണം ചെയ്യുന്ന തിരക്കിലായപ്പോള്‍ ഹര്‍മന്റെ നാട്ടുകാരും ബന്ധുക്കളുമെല്ലാം ആനന്ദനൃത്തം ചവിട്ടി. എങ്കിലും വലിയ ആഘോഷം ഇവര്‍ തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇവരും ഇന്ത്യന്‍ ആരാധകരും.

115 പന്തില്‍ 171 റണ്‍സടിച്ച ഹര്‍മന്‍പ്രീതിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിലാണ് ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയത്. 20 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഇന്നിംഗ്സ്.