ദില്ലി: താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ പാക്കിസ്ഥാന്റെ മുഹമ്മദ് അമീറാണെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അമീര്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടോ മൂന്നോ ബൗളര്‍മാരില്‍ ഒരാളാണ് അമീറെന്നും താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കടുപ്പമേറിയ ബൗളറാണ് അമീറെന്നും ബോളിവുഡ് താരം ആമീര്‍ ഖാനുമൊത്തുള്ള ഒരു ചാറ്റ് ഷോയ്ക്കിടെ കോലി വെളിപ്പെടുത്തിയിരുന്നു. ഇതിനാണ് അമീര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

കോലിയുടെ പ്രശംസയില്‍ താന്‍ വീണുപോയെന്ന് അമീര്‍ പറഞ്ഞു. ലോകത്തിനറിയാം, ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ കോലിയാണെന്ന്. അപ്പോള്‍ അത്തരമൊരു കളിക്കാരന്റെ വിക്കറ്റെടുക്കണമെങ്കില്‍ ബൗളറെന്ന നിലയില്‍ നിങ്ങള്‍ മികവിന്റെ പാരമ്യത്തിലായിരിക്കണം. കോലിക്ക് ചെറിയൊരു അവസരം നല്‍കിയാല്‍പ്പോലും കളി കൈയില്‍ നിന്ന് കൊണ്ടുപോകും. ധാക്കയില്‍ നടന്ന ഏഷ്യാകപ്പില്‍ ചെയ്തതുപോലെ. റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയും കോലിയുടെ പേരിലാണ്.

അതുകൊണ്ടുതന്നെയാണ് ലോക ക്രിക്കറ്റിലെ ബൗളര്‍മാര്‍ക്ക് അദ്ദേഹം വലിയ ഭീഷണിയായി തുടരുന്നതും. കോലിയ്ക്കെതിരെ പന്തെറിയുന്നതിലൂടെ ബൗളര്‍മാര്‍ക്കും മികവിലേക്ക് ഉയരാനാകുമെന്നും അമീര്‍ അഭിപ്രായപ്പെട്ടു. കോലിയുടെ പ്രശംസയില്‍ താന്‍ വീണുപോയെന്നും കൊല്‍ക്കത്തയില്‍വെച്ച് കോലി സമ്മാനിച്ച ബാറ്റ് തനിക്ക് ഇപ്പോഴും മധുരിക്കുന്ന ഓര്‍മയാണെന്നും അമീര്‍ പറഞ്ഞു.