മുംബൈയില്‍ ജനിച്ച 29കാരന്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ക്കുള്ള ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന ആദ്യ ഇസ്ലാം മതവിശ്വസിയായി അജാസ് പട്ടേല്‍. മുംബൈയില്‍ ജനിച്ച 29കാരന്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ക്കുള്ള ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റ് ലീഗായ പ്ലങ്കറ്റ് ഷീല്‍ഡില്‍ കഴിഞ്ഞ വര്‍ഷങ്ങളായി പുറത്തെടുക്കുന്ന പ്രകടനമാണ് ടീമില്‍ ഇടം നേടിക്കൊടുത്തത്.
മതവിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന താരംകൂടിയാണ് അജാസ്. മത്സരത്തിനിടെ ഇത്തരം കാര്യങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടിച്ചുണ്ടെന്ന് അജാസ് പറഞ്ഞു. എന്നാല്‍ ഒരിക്കലും അഞ്ച് നേരമുള്ള നമസ്‌കാരമൊന്നും മുടങ്ങിയിട്ടില്ല. സഹതാരങ്ങള്‍ക്കൊപ്പമാണ് റൂമില്‍ താമസിക്കുക. എന്റെ വിശ്വാസങ്ങളും മറ്റും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്‍പ് തോന്നിച്ചിരുന്നു. എന്നാല്‍ എല്ലാവരും സഹകരിക്കുന്നു. എല്ലാവരും എല്ലാം മനസിലാക്കുന്നു.
എന്റെ മതവിശ്വാസങ്ങളെ അവര്‍ ബഹുമാനിക്കുന്നു. പുതിയ കാലത്തെ മനുഷ്യരെല്ലാം അങ്ങനെയാണ്. അവര്‍ മറ്റു മതവിശ്വാസത്തിലുള്ളവരേ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണെന്നും അജാസ് പറഞ്ഞു. 44 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അജാസ് 187 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 16 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.
