ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. ലോകകപ്പ് അടുത്തിരിക്കെ മറ്റു താരങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നത്.

മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ചില സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. ലോകകപ്പ് അടുത്തിരിക്കെ മറ്റു താരങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് പകരം കെ.എല്‍. രാഹുല്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും. 

ന്യൂസിലാന്‍ഡ് പരമ്പരയിലെ പകുതി മത്സരങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ താരം തിരിച്ചെത്തും പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി 24ന് തുടങ്ങുന്ന പരമ്പരയില്‍ രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് അടങ്ങിയിട്ടുള്ളത്.

ലോകകപ്പിന് മുമ്പ് ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് കടുത്ത പരീക്ഷ നേരിടുക. ഇരുവരില്‍ ഒരാള്‍ മാത്രമേ ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുകയുള്ളൂ. ഓസീസിനെതിരായ പരമ്പരയിലെ പ്രകടനം ഇരുവരുടെയും ഭാവി തീരുമാനിക്കും. പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിക്കും. അതേസമയം, ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തും.