ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടത് അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതിനാണ്. വിദേശത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുന്ന താരത്തെ കോലി ആദ്യ രണ്ട് ടെസ്റ്റിലും കളിപ്പിച്ചില്ല. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പരമ്പര കൈവിട്ട ഇന്ത്യ അവസാന ടെസ്റ്റില്‍ മുഖം രക്ഷിക്കാന്‍ രഹാനെയെ ഉള്‍പ്പെടുത്തി. എന്നാല്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ടീമിലെത്തിയ രഹാനെയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല. 

ഒമ്പത് റണ്‍സ് മാത്രമെടുത്ത രഹാനെ പേസര്‍ മോണി മോര്‍ക്കലിന് എല്‍ബിഡബ്ലു നല്‍കി മടങ്ങി. 27 പന്ത് നേരിട്ട രഹാനെയ്ക്ക് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. നേരത്തെ 49-ാം ഓവറില്‍ വെര്‍നോണ്‍ ഫിലാന്‍ഡറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന് ക്യാച്ച് നല്‍കി രഹാനെ പുറത്തായിരുന്നു. എന്നാല്‍ നോബോളിന്‍റെ ആനുകൂല്യം ലഭിച്ച രഹനെയോട് തുടരാന്‍ അംപയര്‍ അലീം ദര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരമ്പരയില്‍ പൂര്‍ണ്ണ പരാജയമായിരിക്കുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര.