മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി പ്രമുഖരുടെ പരിക്ക്. പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റ മധ്യനിര ബാറ്റ്സ്മാനും ടീം വൈസ് ക്യാപ്റ്റനുമായ അജിങ്ക്യാ രഹാനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായി. രഹാനെയ്ക്ക് പകരക്കാരനായി മനീഷ് പാണ്ഡെയെ ടീമില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച പേസ് ബൗളര്‍ മുഹമ്മദ് ഷാമിയ്ക്കും മുംബൈ ടെസ്റ്റില്‍ കളിക്കാനാവില്ലെന്നാണ് സൂചന. മൂന്നാം ടെസ്റ്റിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണ് നാലാം ടെസ്റ്റില്‍ ഷാമിയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കിയത്. ഷാമിയുടെ കാര്യത്തില്‍ നാളെ രാവിലെയെ അന്തിമതീരുമാനമടെുക്കൂ. വരാനിരിക്കുന്ന പരമ്പരകള്‍ കൂടി കണക്കിലെടുത്ത് ഷാമിയ്ക്ക് വിശ്രമം നല്‍കാനാണ് സാധ്യത. ഷാമി കളിച്ചില്ലെങ്കില്‍ പകരം ഭുവനേശ്വര്‍കുമാര്‍ അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത.

ഷാമിയുടെ കാല്‍മുട്ടിന് വേദനയുണ്ടെന്നും വരാനിരിക്കുന്ന പരമ്പരകള്‍ കൂടി കണക്കിലെടുത്താല്‍ ഷാമിയ്ക്കുമേല്‍ അമിതഭാരം ഏല്‍പ്പിക്കാനാവില്ലെന്നും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പറഞ്ഞു. ഷാമിയ്ക്ക് കവര്‍ ആയി പേസര്‍ ഷാര്‍ദ്ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ രഹാനെയ്ക്ക് ഹോം ഗ്രൗണ്ടില്‍ ഫോമിലേക്ക് ഉയരാനുള്ള മികച്ച അവസരമാണ് നഷ്ടമായത്. ഹോം ഗ്രൗണ്ടില്‍ രഹാനെയുടെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്. രഹാനെയ്ക്ക് പകരം കരുണ്‍ നായര്‍ അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത. രഹാനെയുടം അസാന്നിധ്യത്തില്‍ ഫോമിലല്ലാത്ത മുരളി വിജയ്ക്ക് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്റ് തയാറായേക്കും.