ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റിക്കാർഡ് കൂടി ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് മറികടന്നു. ടെസ്റ്റിൽ 11,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാർഡാണ് സച്ചിനെ മറികടന്നു കുക്ക് സ്വന്തമാക്കിയത്. 31 വർഷം 357 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് കുക്ക് ഈ നാഴികകല്ല് പിന്നിട്ടത്. 140 ടെസ്റ്റുകളിലാണ് കുക്കിന്റെ നേട്ടം. 

ഇന്ത്യക്കെതിരായ പരമ്പരയിൽ കുക്കിന്‍റെ പ്രകടനം മോശമാണ്. അഞ്ചാം ടെസ്റ്റിൽ രണ്ടു റൺസെടുത്തപ്പോൾ റിക്കാർഡ് കുറിച്ച കുക്ക് 10 റൺസ് മാത്രം എടുത്തു പുറത്തായി. പരമ്പരയിൽ കളിച്ച എട്ടു ഇന്നിംഗ്സിൽ നിന്ന് 310 റൺസ് മാത്രമാണ് ഇംഗ്ലീഷ് നായകന്‍റെ സമ്പാദ്യം. രാജ്കോട്ട് ടെസ്റ്റിൽ കുക്ക് സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം കുക്ക് ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ.