1985 ഏപ്രിലിന് ശേഷം ആദ്യമായാണ് റയലിന് തുടര്‍ച്ചയായി നാല് മത്സരത്തിൽ ഗോള്‍ നേടാനാകാതെ പോകുന്നത്

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന്‍റെ ശൂന്യതയില്‍ നിന്ന് കരകയറാനാവാതെ റയല്‍ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് ലീഗിലും റയൽ മാഡ്രിഡ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഡിപ്പോര്‍ട്ടീവോ അലാവസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് റയലിനെ അട്ടിമറിച്ചത്.

95-ാം മിനിറ്റില്‍ മാനുവേല്‍ ഗാര്‍സിയ ആണ് വിജയഗോള്‍ നേടിയത്. 1985 ഏപ്രിലിന് ശേഷം ആദ്യമായാണ് റയലിന് തുടര്‍ച്ചയായി നാല് മത്സരത്തിൽ ഗോള്‍ നേടാനാകാതെ പോകുന്നത്. എട്ട് കളിയിൽ 14 പോയിന്‍റുമായി റയൽ ലീഗില്‍ രണ്ടാമതാണ്. അലാവസിനും 14 പോയിന്‍റായി.

അതേസമയം, ബാഴ്സലോണ പുലര്‍ച്ചെ കളത്തിലിറങ്ങുന്നുണ്ട്. രാത്രി 12.15ന് തുടങ്ങുന്ന മത്സരത്തില്‍ വലന്‍സിയ ആണ് എതിരാളികള്‍. ബോള്‍ പൊസിഷനില്‍ മേധാവിത്വം പുലര്‍ത്തിയപ്പോഴും ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന കളിയാണ് അലാവസിന്‍റെ കളിത്തട്ടില്‍ റയല്‍ കാഴ്ചവെച്ചത്.

റൊണാള്‍ഡോ ഒഴിച്ചിട്ട മുന്നേറ്റ നിരയില്‍ ഗാരത് ബെയ്‍ലിനും കരീം ബെന്‍സേമയ്ക്കും ആദ്യപകുതിയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ രണ്ടാം പകുതിയില്‍ ബെന്‍സേമയ്ക്ക് പകരം പരീശീലകന്‍ ജൂലന്‍ ലെപ്റ്റഗ്യൂയി മാരിയാനോ ഡയസിനെ കളത്തിലിറക്കി.

പിന്നീട്, അസന്‍സിയോയും അത്ഭുത ബാലന്‍ വിനീഷ്യസ് ജൂണിയറും എത്തിയിട്ടും ഒരു ഗോള്‍ എന്ന ലക്ഷ്യം ഭേദിക്കാന്‍ റയലിന് സാധിച്ചില്ല. കളി സമനിലയിലേക്കെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഗാര്‍സിയ ഗോള്‍ നേടിയതോടെ യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടെ കണ്ണീര്‍ അലാവസ് മെെതാനത്ത് വീണു.

അതേസമയം, ജര്‍മ്മന്‍ ലീഗ് ഫുട്ബോളിൽ ചാംപ്യന്മാരായ ബയേൺ മ്യൂണിക്കും തോല്‍വിയേറ്റ് വാങ്ങി. ഗ്ലാഡ്ബാക്ക് മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണിനെ ഞെട്ടിച്ചു. ഏഴ് കളിയിൽ 13 പോയിന്‍റുമായി ബയേൺ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. 17 പോയിന്‍റുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് സീസണിൽ ഒന്നാമത്.