മുംബൈ: അനസ് ഇടത്തൊടികയാണ് ജാംഷഡ്പൂരിന്റെ പ്രധാന തുറുപ്പുചീട്ടെന്ന് ഇന്ത്യന്‍ മുന്‍ഗോളി സുബ്രതോ പോള്‍. അനസിനൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണ്. സ്റ്റീവ് കോപ്പലിനെ പരിശീലകനായി കിട്ടിയതിനാല്‍ ആദ്യമായി കളിക്കുന്ന ടീമെന്ന ആശങ്ക ജാംഷഡ്പൂരിനുണ്ടാകില്ലെന്നും സുബ്രതോ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്റ്റീവ് കോപ്പലിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് സുബ്രതോ പോള്‍ പറഞ്ഞു. സ്റ്റീവ് കോപ്പല്‍ ലജന്റാണ്. കഴിഞ്ഞ സീസണില്‍ കോപ്പല്‍ കേരളത്തെ മുന്നോട്ടുകൊണ്ടുപോയതുപോലെ ഇത്തവണ ജാംഷഡ്പൂരിനെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഞാനും അനസും പൂനയ്‌ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. മികച്ചതാരമാണ് അനസ്. ഞങ്ങളെല്ലാവരും ഇത്തവണ നന്നായി കളിക്കും-സുബ്രതോ വ്യക്തമാക്കി.

മെഹ്താബ് ഹുസൈന് പുറമെ സൗത്ത് ആഫ്രിക്കന്‍ മധ്യനിരതാരം സ്‌പാനിയാര്‍ഡ് ടിരിയും ജാംഷഡ്പൂരിനായി ബൂട്ടുകെട്ടും. മുഴുവന്‍ വിദേശതാരങ്ങള്‍കൂടി എത്തിയാല്‍മാത്രമേ ജംഷഡ്പൂരിന്റെ ശൗര്യം മനസിലാകൂ. ഒക്ടോബര്‍ ആദ്യവാരത്തോടെ ട്രെയിനിംഗ് ആരംഭിക്കാനാണ് ജാംഷഡ്പൂരിന്റെ പ്ലാന്‍. സ്‌പെയിനിലോ തായ്ലാന്റിലോ ആയിരിക്കും പരിശീലനക്യാമ്പ്.