ജമൈക്ക: 100, 200 മീറ്റര്‍ ഓട്ടത്തിലെ ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയുമായി കനേഡിയന്‍ സ്‌പ്രിന്റര്‍ ആന്‍ഡ്രെ ഡി ഗ്രാസ്. സ്റ്റോക്ക്ഹോം ഡയമണ്ട് മീറ്റില്‍ 9.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഡി ഗ്രാസ് 100 മീറ്ററില്‍ ബോള്‍ട്ടിനെ വെല്ലുവിളിച്ചത്. എന്നാല്‍ മത്സരത്തില്‍ കാറ്റിന്റെ ആനുകൂല്യം ഉണ്ടായതിനാല്‍ ഈ പ്രകടനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയില്ല. റെക്കോര്‍ഡില്ലെങ്കിലും ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോ‍ര്‍ഡിനോട് അടുത്തെത്തിയ പ്രകടനത്തില്‍ ഡി ഗ്രാസിന് അഭിമാനിക്കാം.

ഓരോ മത്സരങ്ങളിലും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഡി ഗ്രാസ് വേഗതയുടെ മറ്റൊരു നാമമായി മാറുകയാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്‌പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോ‍‍ള്‍ട്ടിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ഉറപ്പ്. ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍ കൂടി വിജയം സ്വന്തമാക്കി ട്രാക്ക് വിടാനൊരുങ്ങുന്ന ബോ‍‍ള്‍ട്ടിന്റെ പ്രധാന എതിരാളയായി ആന്‍ഡ്രെ ഡി ഗ്രാസിനെ ഇതോടെ മാധ്യമങ്ങള്‍ വാഴിച്ചു കഴിഞ്ഞു.

നിലവില്‍ 9.58 സെക്കന്റാണ് ബോള്‍ട്ടിന്റെ പേരിലുള്ള ലോക റെക്കോ‍ര്‍ഡ്. ബോള്‍ട്ടും ഡി ഗ്രാസും ട്രാക്കിലിറങ്ങുമ്പോള്‍ തീപാറുമെന്ന ഉറപ്പിലാണ് വേഗപോരിന്റെ ആരാധകര്‍.