മുംബൈ: ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള ഭിന്നത സ്ഥിരീകരിച്ച് രാജി വച്ച കോച്ച് അനിൽ കുംബ്ലെയുടെ വിശദീകരണ കുറിപ്പ്. കോലിയുമായി പൊരുത്തപ്പെടാനാകാത്ത വിധം അകന്നത് കാരണമാണ് രാജിയാണെന്നും കോലിയുടെ പരാതി തന്നെ അത്ഭുതപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കുംബ്ലെ വ്യക്തമാക്കി. കോലിയുടെ പരാതി തന്നെ അദ്ഭുതപ്പെടുത്തി. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അതിര്‍വരമ്പുകളെ ബഹുമാനിക്കുന്നയാളാണ് താന്‍. രാജ്യത്തിന്‍റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരു വെല്‍വിഷറായി താന്‍ തുടരുമെന്ന് പറഞ്ഞു കൊണ്ടാണ് കുംബ്ലെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ചൊവ്വാഴ്ച അനിൽ കുംബ്ലെയില്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനില്‍ തുടരുന്ന കുംബ്ലെ ബിസിസിഐയെ രാജി വിവരം അറിയിച്ചത്. കുംബ്ലെക്ക് ഐസിസി യോഗമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമാണ് നേരത്തെ ബിസിസിഐ നല്‍കിയിരുന്നത്. കുംബ്ലെയുമായി ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് ബിസിസിഐ ഉപദേശകസമിതിയെ വിരാട് കോലി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനില്ലതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്. ഇതിന് പിന്നാലെയാണ് കുംബ്ലെയുടെ രാജി. സഞ്ജയ് ബാംഗര്‍ അടക്കമുള്ള സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റെല്ലാവരും കോലിക്കും സംഘത്തിനുമൊപ്പം ലണ്ടനില്‍ നിന്ന് വിന്‍ഡീസിലേക്ക് വിമാനം കയറി.
ഇന്ത്യ വിന്‍ഡീസ് ആദ്യ ഏകദിനവും വെള്ളിയാഴ്ചയാണ് നടക്കേണ്ടത്. അഞ്ചു ഏകദിനങ്ങളും ഒരു ടിട്വന്റിയുമാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ കുംബ്ലെ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോലി നിലപാട് കടുപ്പിച്ചതിനാല്‍ ഉപദേശകസമിതിയും ആശയക്കുഴപ്പത്തിലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിക്ക് ശേഷം കോലിയും കുംബ്ലെയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി കുംബ്ലെ ചുമതലയേറ്റത്. കുംബ്ലെയുടെ കീഴില്‍ 17 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ 12 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. ബാക്കിയുള്ളവ സമനിലയിലായി.
രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന കോലിയുടെ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും തീരുമാനിച്ചതായും അറിയുന്നു. അതേസമയം ഇന്ത്യ എ അണ്ടര്‍ 19 ടീമുകളുടെ പരിശീലകപദവിയിൽ രാഹുല്‍ ദ്രാവിഡ് രണ്ട് വര്‍ഷത്തേക്ക് കൂടി തുടരും .
കുംബ്ലെയുടെ കാലാവധി നീട്ടാനുദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. വീരേന്ദര്‍ സെവാഗ്, മുന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, ദോഡാ ഗണേഷ്, ടോം മൂഡി, റിച്ചാര്‍ പെബസ് എന്നിവര്‍ പരിശീലകനാകാന്‍ ബി.സി.സി.ഐയ്ക്ക് അപേക്ഷ അയിച്ചിരുന്നു. ലക്ഷ്മണും സച്ചിനും ഗാംഗുലിയുമടങ്ങുന്ന ഉപദേശക സമിതി അഭിമുഖം നടത്തിയാകും ഇവരില്‍ നിന്ന് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. ജൂലായ് ഒമ്പതിന് വിന്‍ഡീസ് പര്യടനം അവസാനിക്കുമ്പോഴേക്കും പുതിയ പരിശീലകനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
