ആന്റിഗ്വ: ഇന്ത്യന്‍ ടീം പരിശീലകനായി ചുമതലയേറ്റെടുത്ത അനില്‍ കുബ്ലെ രണ്ടും കല്‍പ്പിച്ചാണ്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം ഇതുവരെ രണ്ടു സന്നാഹ മത്സരങ്ങളില്‍ കളിച്ചു. മൂന്നാമത്തെ സന്നാഹ മത്സരം നാളെ തുടങ്ങാനിരിക്കെ പരിശീലനത്തിന് താമസിച്ചെത്തുന്ന ടീം അംഗങ്ങളില്‍ നിന്ന് 50 ഡോളര്‍ വീതം പിഴ ഈടാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കുംബ്ലെ. കളിക്കുന്ന കാലത്തും അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത കുബ്ലെ പരിശീലകനായപ്പോഴും അതേ പാത തന്നെയാണ് പിന്തുടരുന്നത് എന്ന് ചുരുക്കം.
നാളെ സെന്റ് കിറ്റ്സില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ തുടങ്ങുന്ന ത്രിദിന പരിശീലന മത്സരമാണ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരം. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടാനായാല്‍ ടെസ്റ്റ് റാങ്കിംഗില്‍ മുന്നോട്ട് കുതിക്കാനും നാട്ടില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനും കൊഹ്‌ലിക്കും സംഘത്തിനുമാവും.
രണ്ട് പരിശീലന മത്സരങ്ങള്‍ക്കുശേഷം ടീം അംഗങ്ങള്‍ ഉല്ലാസ യാത്രയ്ക്ക് സമയം കണ്ടെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.
