മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു. ഇന്ന് അനിൽ കുംബ്ലെയില്ലാതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനില്‍ തുടരുന്ന കുംബ്ലെ ബിസിസിഐയെ രാജി വിവരം അറിയിച്ചത്. കുംബ്ലെക്ക് ഐസിസി യോഗമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമാണ് നേരത്തെ ബിസിസിഐ നല്‍കിയിരുന്നത്.

അനിൽ കുംബ്ലെയുമായി ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് ബിസിസിഐ ഉപദേശകസമിതിയെ വിരാട് കോലി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനില്ലതെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നത്. ഇതിന് പിന്നാലെയാണ് കുംബ്ലെയുടെ രാജി എന്നത് ശ്രദ്ധയമാണ്. സഞ്ജയ് ബാംഗര്‍ അടക്കമുള്ള സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റെല്ലാവരും കോലിക്കും സംഘത്തിനുമൊപ്പം ലണ്ടനില്‍ നിന്ന് വിന്‍ഡീസിലേക്ക് വിമാനം കയറി.

ഇന്ത്യ വിന്‍ഡീസ് ആദ്യ ഏകദിനവും വെള്ളിയാഴ്ചയാണ് നടക്കേണ്ടത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ കുംബ്ലെ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോലി നിലപാട് കടുപ്പിച്ചതിനാല്‍ ഉപദേശകസമിതിയും ആശയക്കുഴപ്പത്തിലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ തോല്‍വിക്ക് ശേഷം കോലിയും കുംബ്ലെയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന കോലിയുടെ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും തീരുമാനിച്ചതായും അറിയുന്നു. അതേസമയം ഇന്ത്യ എ അണ്ടര്‍ 19 ടീമുകളുടെ പരിശീലകപദവിയിൽ രാഹുല്‍ ദ്രാവിഡ് രണ്ട് വര്‍ഷത്തേക്ക് കൂടി തുടരും .