ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പുതിയ പരിശീലകനുണ്ടാവില്ല. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും അനില്‍ കുംബ്ലെ തന്നെ കോച്ചായി തുടരുമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കി. വിന്‍ഡീസ് പര്യടനത്തിന് മുമ്പ് പുതിയ പരിശീലകനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ബിസിസിഐ ഉപദേശകമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും വ്യക്തമാക്കിയ സാഹചര്യത്തിലാണ് കുംബ്ലെ തന്നെ പരിശീലകനായി തുടരുന്നത്.
എന്നാല്‍ വിന്‍ഡീസ് പര്യടനത്തില്‍ കോച്ചായി തുടരുമോ എന്ന കാര്യം കുംബ്ലെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി വരെയാണ് കുംബ്ലെയുടെ കരാര്‍. പുതിയ കോച്ചിനെ കണ്ടെത്താനുള്ള സമയമില്ലെങ്കില്‍ കോച്ച് ഇല്ലാതെ വിന്‍ഡീസ് പര്യടനത്തിന് പോവണമെന്ന ബിസിസിഐയിലും ഒരുവിഭാഗത്തിന്റെ നിര്‍ദേശം വിനോദ് റായ് തള്ളി.
18ന് ചാമ്പ്യന്‍സ് ട്രോഫി പൂര്‍ത്തിയായാല്‍ 20ന് ഇന്ത്യ ഏകദിന പരമ്പരയ്ക്കായി വിന്‍ഡീസിലേക്ക് തിരിക്കും. ഇതിനിടെ പുതിയ പരിശീലകനെ കണ്ടെത്താനാവില്ലെന്നാണ് ഉപദേശക സമിതി വ്യക്തമാക്കിയത്.
