മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പാണ് ഭിന്നത പരസ്യമായതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും തമ്മില്‍ കണ്ടാല്‍ മിണ്ടാതായിട്ട് ആറുമാസമായെന്ന് ബിസിസിഐ ഭാരവാഹിയുടെ വെളിപ്പെടുത്തല്‍. കുംബ്ലെയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ബിസിസിഐ ഉപദേശകസമിതിക്ക് അനുകൂല നിലപാടായിരുന്നു. എന്നാല്‍ ഇരുവരും പരസ്‌പരം സംസാരിക്കാതായിട്ട് ആറുമാസമായെന്ന അറിവ് സമിതിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ബിസിസിഐ ഉന്നതനെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷമാണ് ഭിന്നത രൂക്ഷമായത്. ഇരുവരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഞായറാഴ്ച വൈകിട്ട് സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി മൂന്ന് വട്ടം ചര്‍ച്ചകള്‍ നടത്തി. ആദ്യം കുംബ്ലെയുമായും പിന്നീട് കോലിയുമായും ഇതിനുശേഷം ഇരുവരെയും ഒരു മേശയ്‌ക്ക് ഇരുവശമിരുത്തിയും ചര്‍ച്ച നടത്തി.
ക്യാപ്റ്റന്റെ അധികാരപരിധിയില്‍ കോച്ച് കൈകടത്തുന്നുവെന്നായിരുന്നു കുംബ്ലെയ്‌ക്കെതിരെ കോലി ഉന്നയിച്ച പ്രധാന ആരോപണം.കോലി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവം ഉള്ളതല്ലെന്നായിരുന്നു കുംബ്ലെയുടെ പ്രതികരണമെന്നും ഇദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ കുംബ്ലെയ്‌ക്ക് സ്വന്തം നിലപാടുകളും ആശയങ്ങളുമുണ്ട്. എന്നാല്‍ കളിക്കളത്തില്‍ അന്തിമ തീരുമാനം എപ്പോഴും ക്യാപ്റ്റന്റേത് മാത്രമായിരിക്കും. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഇനി യോജിച്ച് പോകാനാകില്ലെന്ന് ഇരുവരും നിലപാടെടുത്തത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ കുംബ്ലെയ്‌ക്കും ഭാര്യയ്‌ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഒരുമിച്ച് പോകാനാകില്ലെന്ന് വ്യക്തമായതോടെ കുംബ്ലെ വിന്‍ഡീസ് യാത്ര റദ്ദാക്കി.ക്യാപ്റ്റനും കോച്ചും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ കുംബ്ലയുടെ കാലാവധി നീട്ടാവൂ എന്നായിരുന്നു ക്രിക്കറ്റ് ഉപദേശക സമിതിയുടെ നിലപാട് എന്നും ഭാരവാഹി വെളിപ്പെടുത്തി.
