കുംബ്ലെയുടെ പ്രവചനം പോലെ സിഡ്നി ടെസ്റ്റ് മഴമൂലം പൂര്‍ത്തിയാക്കാനാവാതെ സമനിലയായി. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ ജയിച്ചു. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഫലം കൃത്യമായി പ്രവചിച്ചത് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ. പരമ്പരയുടെ തുടക്കത്തില്‍ "ക്രിക്കറ്റ് നെക്സ്റ്റിന്' നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്ന് കുംബ്ലെ പ്രവചിച്ചത്. പരമ്പരക്കിടെ മഴ വില്ലനായി വരുമെന്നും ഏതെങ്കിലും ഒരു മത്സരം മഴമൂലം സമനിലയാവുമെന്നും കുംബ്ലെ പ്രവചിച്ചു.
കുംബ്ലെയുടെ പ്രവചനം പോലെ സിഡ്നി ടെസ്റ്റ് മഴമൂലം പൂര്‍ത്തിയാക്കാനാവാതെ സമനിലയായി. അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ ജയിച്ചപ്പോള്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ ജയിച്ചു. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.ഓസ്ട്രേലിയയില്‍ അവരെ കീഴടക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്നും കുംബ്ലെ പറഞ്ഞിരുന്നു. 71 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. ഓസീസില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യയുടെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു. കുംബ്ലെയെ പുറത്താക്കാന്‍ വിരാട് കോലി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പിന്നീട് സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തു. കുംബ്ലെയുടെ ഹെഡ്മാസ്റ്റര്‍ ശൈലിയോട് യോജിക്കാനാവില്ലെന്നായിരുന്നു കോലിയുടെ പരാതി.
