ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ സമിതിയില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ ഉള്‍പ്പെടുത്തി.പദ്ധതി നടത്തിപ്പിനുള്ള ഏഴംഗ കേന്ദ്രസമിതിയില്‍ കായികതാരങ്ങളുടെ പ്രതിനിധിയായി അഞ്ജുവിനൊപ്പം ബാഡ്മിന്റണ്‍ കോച്ച് ഗോപിചന്ദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ദശകത്തിനുള്ളില്‍ ലോകത്തെ പ്രധാന കായിക ശക്തിയായി ഇന്ത്യയെ മാറ്റുകയെന്നാണ് ഖേലോ ഇന്ത്യ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനുള്ള ഏഴംഗ കേന്ദ്രസമിതിയിലാണ് കേന്ദ്രം ഇപ്പോള്‍ കായികതാരങ്ങളുടെ പ്രതിനിധിയായി അഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കായികസെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍.

ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ട് തുടങ്ങിയ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ ചെയര്‍പേഴ്‌സണ്‍ പദവിക്ക് പിന്നാലെ ലഭിക്കുന്ന ചുമതല വലിയ അംഗീകാരമായി സ്വീകരിക്കുന്നുവെന്ന് അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ജുവിനെ കേന്ദ്രസമിതിിയല്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവയ്‌ക്കും മുന്‍പ് തന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയ ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവിലാണ അഞ്ജു കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധ്യക്ഷ പദവി രാജിവെച്ചത്.