മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി ബിസിസിഐക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്ച ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം ചേരാനിരിക്കെയാണ് റായ് സമിതി ബിസിസിഐക്ക് അന്ത്യശാസനം നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തിയല്ലാതെ യാതൊരു നടപടിയും കൈക്കൊള്ളരുതെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഐസിസി ഏപ്രില്‍ 25വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വരുമാനം പങ്കിടല്‍ സംബന്ധിച്ച ഐസിസിയുടെ പുതിയ നിര്‍ദേശത്തോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് റായ് സമിതി ടീമിനെ പ്രഖ്യാപിക്കാനുള്ള അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

കളിക്കാരുടെയും രാജ്യത്തിന്റെയും താല്‍പര്യം മുന്‍നിര്‍ത്തിയാകണം ബിസിസിഐ തീരുമാനമെടുക്കാനെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ടീമിനെ പ്രഖ്യാപിച്ചാല്‍ മാത്രമെ ടീം അംഗങ്ങള്‍ക്ക് ടൂര്‍ണമെന്റിനായി തയാറെടുക്കാനാകൂ. അതേസമയം, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ ബിസിസിഐയോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ കളിക്കാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറണമെന്ന ബിസിസിഐ നിലപാടിനെ അനുകൂലിക്കുമോ എന്ന് വ്യക്തമല്ല. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യയാണ് ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കള്‍.