കോഴിക്കോട്: ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മന്‍ ഗോകുലം കേരള വിട്ടു. വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം തുടരുന്നില്ലെന്ന് അറിയിച്ച ജര്‍മന്‍ നാട്ടിലേക്ക് മടങ്ങി. ഐ ലീഗിന്റെ ഈ സീസണിലാണ് അന്റോണിയോ ജര്‍മന്‍ ഗോകുലം കേരളയിലെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരമായ ജര്‍മന്‍ ഒരു വര്‍ഷത്തെ കരാറിലാണ് കോഴിക്കോട്ടെത്തിയത്. ആറ് കളിയില്‍ രണ്ട് ഗോളാണ് ജര്‍മ്മന്‍ നേടിയത്.

എല്ലാം നല്ലതായി ഗോകുലത്തില്‍ നടക്കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്. ക്ലബ് വിടുന്ന കാര്യം ട്വിറ്ററിലാണ് താരം പുറത്തുവിട്ടത്. ട്വീറ്റ് ഇങ്ങനെ... ഗോകുലം കേരള വിടാന്‍ തീരുമാനിച്ചു. ക്ലബിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ചില സമയങ്ങളില്‍ സന്തോഷങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എല്ലാ ആരാധകര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം മാത്രം. എന്നാല്‍ ക്ലബില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ട്വീറ്റില്‍ വ്യക്തമാണ്. വരും ദിവസങ്ങളില്‍ താരം തുറന്ന് പറയുമെന്ന് തന്നെയാണ് കരുതുന്നത്. 

താരം ടീം വിട്ടതിനെ കുറിച്ച് ക്ലബ് അധികൃതരും അവരുടെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ താരം ക്ലബ് വിട്ടതെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ താരം ഗോകുലത്തിനായി നേടിയിട്ടുണ്ട്. തുടക്കത്തില്‍ ഫോമില്‍ അല്ലായിരുന്നുവെങ്കിലും താരം ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നു.