ദക്ഷിണഅമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെതിരായ ജീവന്‍മരണപോരാട്ടത്തില്‍ അര്‍ജന്റീന മുന്നിട്ടുനില്‍ക്കുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ അര്‍ജന്റീന പകുതിസമയത്ത് 2-1ന് മുന്നിലാണ്. ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് അര്‍ജന്റീന രണ്ടു ഗോള്‍ തിരിച്ചടിച്ച് ലീഡ് നേടിയത്. 12, 20 മിനുട്ടുകളിലാണ് മെസി ഗോള്‍ നേടിയത്. സ്വന്തം നാട്ടുകാരുടെ മുന്നില്‍നടക്കുന്ന കളിയില്‍ റൊമാരിയോ ഇബാറയിലൂടെ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് ഇക്വഡോര്‍ ഗോള്‍ നേടി അര്‍ജന്റീനയെ ഞെട്ടിച്ചത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച അര്‍ജന്റീന വൈകാതെ ഒപ്പമെത്തുകയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. ഇക്വഡോര്‍ ഗോള്‍മുഖത്ത് മെസിയും ഡി മരിയയും നിരന്തരം ഭീഷണി ഉയര്‍ത്തുന്നതിനിടയിലാണ് രണ്ടാം ഗോളും പിറന്നത്. ഇക്വഡോര്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള മെസിയുടെ തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ട് ഗോളിലേക്ക് തറഞ്ഞുകയറുമ്പോള്‍ ഇക്വഡോര്‍ ഗോള്‍ ബന്‍ഗ്വേര വെറും കാഴ്‌ചക്കാരന്‍ മാത്രമായിരുന്നു. മുപ്പത്തിരണ്ടാം മിനിട്ടില്‍ മെസിയുടെ പാസില്‍ ഗോള്‍ നേടാനുള്ള ഡി മരിയയുടെ മികച്ച അവസരം, ഇക്വഡോര്‍ ഗോള്‍ രക്ഷപ്പെടുത്തി.